us-hormuz

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ തള്ളിയെങ്കിലും ചർച്ചകളുടെ വാതിൽ അടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. ഖത്തറിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തുടർചർച്ചകൾ ഈയാഴ്ച നടക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതിനിടെ, അമേരിക്കൻ ഉപരോധം വകവെയ്ക്കാതെ ഹോർമൂസ് കടലിടുക്കിലൂടെ ഖത്തർ ശ്രീലങ്കയിലേക്ക് പ്രകൃതിവാതകം കയറ്റി അയച്ചു.

ഇറാന്റെ നിർദ്ദേശങ്ങൾ തള്ളിയെങ്കിലും സമാധാന ചർച്ചകളിൽ നിന്ന് പൂർണ്ണമായി പിന്നോട്ടില്ലെന്നാണ് അമേരിക്കയുടെ പുതിയ പ്രതികരണം. യുദ്ധം എത്രയും വേഗം അവസാനിക്കുമെന്നും അമേരിക്ക വിജയിക്കുമെന്നും പ്രഖ്യാപിച്ച ട്രംപ്, ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും ആവർത്തിച്ചു. എന്നാൽ, മരവിപ്പിച്ച ബാങ്ക് സ്വത്തുക്കൾ വിട്ടുനൽകുക, ഉപരോധം പിൻവലിക്കുക തുടങ്ങിയ അപ്രായോഗിക നിബന്ധനകൾ ഇറാൻ ഉന്നയിക്കുന്നതിനാലാണ് ട്രംപിന് ഇവരുടെ വാഗ്ദാനങ്ങളിൽ അവിശ്വാസമെന്ന് യുഎൻ യുഎസ് സ്ഥാനപതി മൈക്ക് വാൾട്സ് വ്യക്തമാക്കി. നയതന്ത്ര പരിഹാരത്തിന് ഇറാൻ ഒരുക്കമാണെന്നും ആർക്കും മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി മറുപടി നൽകി. അതേസമയം, പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും പടിഞ്ഞാറൻ ഇറാന് പിന്നാലെ അറബിക്കടലിൽ നിന്നും വിദേശ സേനയെ പൂർണ്ണമായി തുടച്ചുനീക്കുമെന്നും പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമനയി മുന്നറിയിപ്പ് നൽകി. 

വിമാന സർവീസുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് യുഎൻ വ്യോമയാന ഏജൻസിയായ ഐ.സി.എ.ഒയ്ക്ക് ഇറാൻ പരാതി നൽകി. ഇതിനിടെ, മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടയിലും ഹോർമൂസ് കടലിടുക്കിലൂടെ ഖത്തർ പ്രകൃതി വാതക കണ്ടെയ്നർ അയച്ചു. റാസ് ലഫാനിൽ നിന്ന് ശ്രീലങ്കയിലേക്കാണ് ഖത്തർ എനർജിയുടെ എൽ.എൻ.ജി ടാങ്കർ പുറപ്പെട്ടത്. ഇത് വരുംദിവസങ്ങളിൽ വാതക കയറ്റുമതി പൂർണ്ണതോതിൽ പുനരാരംഭിക്കുന്നതിന്റെ ശുഭസൂചനയാണെന്ന് ഖത്തർ എനർജി അറിയിച്ചു.

ENGLISH SUMMARY:

The Middle East conflict remains a focal point as the US rejects Iran's proposals but keeps the door open for negotiations. Qatar's mediation is crucial, with continued discussions expected this week following the export of natural gas through the Strait of Hormuz despite US sanctions.