Image Credit: Reuters

Image Credit: Reuters

  • ഖത്തര്‍ മുഖേനെ നിബന്ധനകള്‍ അമേരിക്കയ്ക്ക് കൈമാറിയെന്നും ട്രംപിന്‍റെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണെന്നും ഇറാന്‍ വ്യക്തമാക്കി. നിബന്ധനകള്‍ അംഗീകരിക്കാന്‍ യുഎസ് തയാറല്ലെങ്കില്‍ ദീര്‍ഘകാല യുദ്ധത്തിന് മടിയില്ലെന്നും ഇറാന്‍

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഏഴ് നിബന്ധനകള്‍ മുന്നോട്ട് വച്ച് ഇറാന്‍. എല്ലാമേഖലകളിലുമുള്ള സംഘര്‍ഷം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാന്‍റെ ആസ്തികള്‍ വിട്ടുനല്‍കണം, യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കണം' എന്നിവയാണ് പ്രധാന മൂന്ന് നിബന്ധനകള്‍. മറ്റുള്ളവ വെളിപ്പെടുത്തിയിട്ടില്ല. ഖത്തര്‍ മുഖേനെ നിബന്ധനകള്‍ അമേരിക്കയ്ക്ക് കൈമാറിയെന്നും ട്രംപിന്‍റെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് എന്നും ഇറാന്‍ വ്യക്തമാക്കി. നിബന്ധനകള്‍ അംഗീകരിക്കാന്‍ യുഎസ് തയാറല്ലെങ്കില്‍ ദീര്‍ഘകാല യുദ്ധത്തിന് ഇറാന് മടിയില്ലെന്നും ഇറാന്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹ്സിന്‍ റസായി പറഞ്ഞു. 

യുഎസ് വീണ്ടും ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് ഇറാന്‍ പറയുന്നത്. അത്തരത്തിലൊന്ന് ഏതുനിമിഷവും തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്തും നേരിടാന്‍ ഇറാന്‍റെ സൈന്യം സജ്ജമാണെന്നും റസായി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗള്‍ഫ് മുതല്‍ ഒമാന്‍ കടലിടുക്ക് വരെ നീളുന്ന അമേരിക്കന്‍ നാവിക സേനയിലേക്കാണ് ഇറാന്‍റെ ശ്രദ്ധയെന്നും ഒന്നിലധികം പോര്‍മുന വഹിക്കാനാകുന്ന കപ്പല്‍ വേധ മിസൈല്‍ വിജയകരമായി ഇറാന്‍ പരീക്ഷിച്ചുവെന്നും റസായി അവകാശപ്പെട്ടു. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇനിയുണ്ടാകുന്ന എന്ത് പ്രകോപനത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്നും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് പുറമെ അമേരിക്കയുടെ വാണിജ്യ താല്‍പര്യങ്ങളുള്ള ഇടങ്ങളിലെല്ലാം നാശനഷ്ടമുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. 

ബാബ് അല്‍ മന്‍ദേബ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അത് യെമനുമായി ബന്ധപ്പെട്ട വിഷയമാണെന്നും റസായി വ്യക്തമാക്കി. അതേസമയം, ഹോര്‍മുസിന്‍റെ കാര്യത്തില്‍ ഒമാനുമായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നും പക്ഷേ പ്രഖ്യാപനത്തിന് മുന്‍പ് ചില കാര്യങ്ങള്‍ തീരുമാനിക്കാനുണ്ടെന്നും ഇറാന്‍ അറിയിച്ചു. 

ENGLISH SUMMARY:

Iran has submitted seven conditions via Qatar to the United States to end the West Asian war, demanding a total halt to hostilities, unfreezing of assets, and lifting of the US naval blockade. Mohsen Rezaei, Secretary of Iran's Supreme National Security Council, stated Iran is awaiting Donald Trump's response and is ready for a prolonged conflict if rejected. Claiming a successful test of a multi-warhead anti-ship missile, Iran warned of striking US bases and commercial interests upon further provocation. Iran also clarified its stance on the Bab al-Mandab and Hormuz straits.