ഇന്ത്യക്കു മേല്‍ വീണ്ടും യു.എസ് തീരുവ ഭീഷണി. റഷ്യന്‍ എണ്ണ കൂടുതലായി വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ബില്‍ യു.എസ് ജനപ്രതിനിധി സഭ പാസാക്കി. ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചാല്‍ ബില്‍ നിയമമാവും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങള്‍ക്കു 100 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ളതാണ് ബില്‍. നിയമം പ്രാബല്യത്തിലാവുന്നതിന് മുമ്പുള്ള ഒരു വര്‍ഷവും നിയമമായി 30 ദിവസത്തിനു ശേഷവും റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ നിയമത്തിന്‍റെ പരിധിയില്‍ വരും. നിലവിലെ രീതിയില്‍ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി തുടര്‍ന്നാല്‍ ഇന്ത്യക്കും ചൈനയ്ക്കും ഉയര്‍ന്ന തീരുവ ചുമത്താന്‍ സാധ്യതയുണ്ട്.
ജൂലൈയിലെ കണക്കനുസരിച്ച് ദിവസം 2.47 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. രാജ്യത്തെ ആകെ ഇറക്കുമതിയുടെ 51 ശതമാനം വരും ഇത്. അതേസമയം 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. യു.എസ്. പ്രതിനിധികളുമായി ഇക്കാര്യം മുൻപും ചർച്ച ചെയ്തിരുന്നു. രാജ്യത്തിന്‍റെ വ്യാപാര, സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ – യു.എസ്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ നില്‍ക്കെയാണ് യു.എസിന്‍റെ തീരുവ ഭീഷണി വീണ്ടും ഉയരുന്നത്