hormus

TOPICS COVERED

ഹോർമൂസ് കടലിടുക്കിലെ കടുത്ത സംഘർഷത്തിന് അയവ്. ചരക്കുകപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ താൽക്കാലിക ഇടനാഴി തുറക്കുമെന്ന് ഇറാനും ഒമാനും പ്രഖ്യാപിച്ചു. കടലിലെ മൈനുകൾ നീക്കം ചെയ്യാൻ ഖത്തറുമായി ചേർന്ന് നടപടികൾ സ്വീകരിക്കാൻ ഇറാന്‍ ധാരണയിലെത്തി. യുദ്ധം പൂർണമായി അവസാനിപ്പിച്ചാൽ ഇറാനുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കാമെന്ന് യുഎഇയും വ്യക്തമാക്കി.

ടെഹ്‌റാനിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസെയ്ദി എന്നിവർ ഇറാൻ നേതൃത്വവുമായി നടത്തിയ മാരത്തൺ ചർച്ചകളിലാണ് സുപ്രധാന വഴിത്തിരിവുണ്ടായത്. അമേരിക്കയുമായുള്ള മധ്യസ്ഥ ചർച്ചകൾക്ക് സാഹചര്യമൊരുക്കാനും ഹോർമൂസിലെ മൈനുകൾ സംയുക്തമായി നീക്കം ചെയ്യാനും ഖത്തറുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി സന്നദ്ധത അറിയിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പുകൾക്കിടയിലും ഒമാനുമായുള്ള ഉഭയകക്ഷി ചർച്ചകൾ വിജയകരമായി പൂർത്തിയായെന്നും താൽക്കാലിക പാതയ്ക്കൊപ്പം സ്ഥിരം കപ്പൽപാതയും കടലിടുക്കിന്‍റെ നിയന്ത്രണവും സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും ഒമാനും ഇറാനും വ്യക്തമാക്കി.

അതേസമയം, സംഘർഷം പൂർണമായി ഇല്ലാതായാൽ ഇറാനുമായി സഹകരിക്കാൻ തയാറാണെന്ന് യുഎഇയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ ദാഹേരി അറിയിച്ചു. എന്നാൽ വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ ഇറാൻ സൈനിക നടപടികൾ പൂർണമായി അവസാനിപ്പിക്കണമെന്നും ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതം പൂർവസ്ഥിതിയിലാക്കണമെന്നും യുഎഇ നിബന്ധന മുന്നോട്ടുവെച്ചു. കഴിഞ്ഞ 19നായിരുന്നു ഇറാനുമായുള്ള മുഴുവൻ വ്യാപാര, സാമ്പത്തിക ഇടപാടുകളും യുഎഇ റദ്ദാക്കിയത്.

ENGLISH SUMMARY:

Hormuz Strait tensions are easing as Iran and Oman announce a temporary corridor for safe passage of cargo ships. This development follows marathon talks with Qatar and Oman, aiming to de-escalate the situation and restore maritime trade.