ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിക്കവെ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ഇറാന്‍റെ ആക്രമണം. അബുദാബി നാഷനൽ ഓയിൽ കമ്പനിയായ അഡ്‌നോക്കിന്‍റെ രണ്ട് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആളപായമില്ലെന്ന് സ്ഥിരീകരിച്ച യുഎഇ വിദേശകാര്യ മന്ത്രാലയം സംഭവത്തെ ശക്തമായി അപലപിച്ചു.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് അഡ്‌നോക്കിന്‍റെ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎഇ വ്യക്തമാക്കിയതിന് പിന്നാലെ ജിസിസി ജനറൽ സെക്രട്ടറിയും വിവിധ ഗൾഫ് രാജ്യങ്ങളും യുഎഇക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. എന്നാൽ ആക്രമണത്തോട് ഇതുവരെ പ്രതികരിക്കാത്ത ഇറാൻ, തങ്ങളുടെ അനുമതിയില്ലാതെ ഹോർമൂസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇറാനെതിരായ നാവിക ഉപരോധം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് അമേരിക്കയും വ്യക്തമാക്കി. തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള മറ്റ് ചരക്കുകപ്പൽ ഗതാഗതം ഏറക്കുറെ നിലച്ച അവസ്ഥയിലാണ്. അതിനിടെ, രാജ്യത്തിനെതിരെ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുവൈത്ത് സ്വദേശിയായ ദായേഷ് ഭീകരനെ കുവൈത്ത് സുരക്ഷാസേന പിടികൂടി. മറുവശത്ത്, ചെങ്കടലിലെ ഹൂതി ഭീഷണി നേരിടാൻ സൗദി അറേബ്യ രൂപം നൽകിയ സംയുക്ത സമുദ്ര സംരക്ഷണ സേനയിൽ 39 രാജ്യങ്ങൾ പങ്കാളികളാകും. ബാബ് അൽ മന്ദബ്, ഏദൻ ഉൾക്കടൽ, ചെങ്കടൽ മേഖല. എന്നിവിടങ്ങളിൽ സമുദ്രസുരക്ഷയും സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കുകയാണ് ഈ മൾട്ടി നാഷനൽ മാരിടൈം ഡിഫൻസ് സേനയുടെ മുഖ്യ ലക്ഷ്യം.