ചെങ്കടലിലെ ബാബ് അൽ മൻദബിൽ ചരക്ക് കപ്പലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് നാവികർ കൊല്ലപ്പെട്ടു. ടാൻസാനിയൻ പതാക വഹിച്ച തിഹാമ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പാക്കിസ്ഥാൻ പൗരന്മാരും ഒരു ഇന്തോനേഷ്യൻ പൗരനുമാണ് മരിച്ചത്. അതേസമയം ഇറാൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾക്ക് മറുപടിയായി ട്രംപ് തിരിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട സമാധാന ചർച്ചകൾ പ്രതിസന്ധിയിലായി.
യെമനിലെ പെരിം ദ്വീപിന് സമീപത്തുവെച്ചാണ് തിഹാമ കപ്പൽ ആക്രമിക്കപ്പെട്ടത്. ഒമാനിലെ സലാലയിൽ നിന്ന് ജിബൂട്ടി വഴിയെത്തിയ കപ്പൽ ആക്രമണത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ജീവനക്കാർ യെമൻ കോസ്റ്റ് ഗാർഡിന്‍റെ സഹായം തേടുകയായിരുന്നു. ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ച ശേഷം കപ്പൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഗൾഫ് ഓഫ് ഒമാനിലൂടെ കടന്നുപോയ വെലാ നോവ എന്ന കപ്പലിന് നേരെ പാക്കിസ്ഥാൻ തീരമേഖലയിൽ നിന്ന് മിസൈലാക്രമണമുണ്ടായതായും യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹോർമൂസ് തുറക്കാൻ യുഎസ് നാവിക ഉപരോധം പിൻവലിക്കണമെന്നും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഇറാന്‍റെ ആവശ്യം. എന്നാൽ കഴിഞ്ഞ 50 വർഷത്തിനിടെ ഇറാനുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് തിരിച്ചും നഷ്ടപരിഹാരം വേണമെന്നാണ് ട്രംപിന്റെ പ്രതികരണം. ഈ തുക ഇറാനിലെ പ്രക്ഷോഭകരുടെയും മരിച്ച യുഎസ് സൈനികരുടെയും കുടുംബങ്ങൾക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചന നൽകിയിട്ടുണ്ട്. ഇതിനിടെ, ഇറാനു വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ടു പേർക്ക് ബഹ്റൈൻ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.