uae-1

TOPICS COVERED

 മിസൈൽ-ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങൾക്കായി അടിയന്തര സുരക്ഷാ നിർദേശങ്ങളുമായി യുഎഇ അധികൃതർ. അടിയന്തര മുന്നറിയിപ്പുകൾ ലഭിക്കുകയാണെങ്കിൽ ജനങ്ങൾ യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്നും പൂർണ്ണ ശാന്തത പാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.

മുന്നറിയിപ്പ് സൈറൻ മുഴങ്ങിയാൽ ഉടൻ തന്നെ വാതിലുകൾ, ജനലുകൾ, ഗ്ലാസ് ഭിത്തികൾ എന്നിവയിൽ നിന്ന് അകന്ന് കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിത മുറികളിലോ ഇടനാഴികളിലോ അഭയം തേടേണ്ടതാണ്.

മിസൈൽ പ്രതിരോധ നടപടികളുടെയോ തകർന്നുവീഴുന്ന അവശിഷ്ടങ്ങളുടെയോ ചിത്രങ്ങളും വിഡിയോകളും പകർത്താൻ ശ്രമിക്കരുതെന്നും ഇത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ ഓർമിപ്പിച്ചു.

പൊതുസ്ഥലങ്ങളിലോ മാളുകളിലോ ഉള്ളവർ ലിഫ്റ്റുകൾ ഒഴിവാക്കി ഗോവണികൾ വഴി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും സുരക്ഷാ ജീവനക്കാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം.

വാഹനം ഓടിക്കുന്നവർ റോഡിൽ വണ്ടി നിർത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കാതെ സമീപത്തെ സുരക്ഷിത കെട്ടിടത്തിലേക്ക് മാറാൻ ശ്രദ്ധിക്കേണ്ടതാണ്. മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ എവിടെയെങ്കിലും കണ്ടെത്തിയാൽ അവയിൽ തൊടുകയോ സമീപിക്കുകയോ ചെയ്യാതെ ഉടൻ തന്നെ 999 എന്ന അടിയന്തര നമ്പറിൽ വിവരമറിയിക്കണം.

വീടുകളിൽ കുട്ടികളെ ആശ്വസിപ്പിക്കാനും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ മരുന്നുകളും സഹായ ഉപകരണങ്ങളും മുൻകൂട്ടി കരുതിവെക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങേണ്ട സമയം ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും യുഎഇ ഭരണകൂടം വ്യക്തമാക്കി.

UAE emergency security instructions are crucial for residents during missile and drone threats. :