• ആയിരം യുദ്ധദിനങ്ങള്‍ എണ്ണിത്തീര്‍ത്ത് ഗാസ
  • ഗാസയുടെ 90ശതമാനവും തകര്‍ത്ത് ഇസ്രയേല്‍
  • 80 ശതമാനവും ഇസ്രയേല്‍ നിയന്ത്രണത്തില്‍
  • പ്രതീക്ഷകളില്ലാതെ, നാളെകളില്ലാതെ ഒരു ജനത

വിതുമ്പലിന്റെ വിസ്ഫോടനമാണ് ഗാസ. ലോകം കാൽപ്പന്തിന്റെ ആരവങ്ങളിൽ അമർന്നതൊന്നും അവിടം അറിയുന്നില്ല. ഉറ്റവർ ഉന്മൂലനം ചെയ്യപ്പെട്ട ഭൂമിയിലെ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ ജീവിതം തിരയുകയാണ് ഇവിടെ പലരും. ഗാസയിൽ ഇനി അവശേഷിപ്പുകൾ ഒന്നുമില്ല. എല്ലായിടത്തും പട്ടിണിയാണ് . ഹൃദയമിടിക്കുന്നുണ്ടോ എന്നുപോലുമറിയാത്ത കുറേ ശരീരങ്ങൾ. മുഖത്തുനോക്കിയാൽ ദൈന്യതപോലും തിരിച്ചറിയാനാകാത്ത വിധം കുഴിഞ്ഞ് നിസ്സംഗമായ മിഴികൾ. സമ്പത്തില്ല, സമാധാനമില്ല, പ്രതീക്ഷകളില്ല, നാളെകളില്ല.... മനുഷ്യാവകാശം പേരിനു പോലുമില്ല. ആയിരം കണ്ണീർദിനങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു അവർ.

സംഘർഷദിനങ്ങൾ ആയിരം കടക്കുമ്പോൾ, തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കും നഷ്ടപ്പെട്ട സ്വപ്നങ്ങൾക്കുമിടയിൽ ആ ജനത ഒരു അതിജീവനം തേടുന്നുണ്ടോയെന്ന് സംശയമാണ്. ഗാസയിലെ മണ്ണിൽ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതുമൊന്നും അവര്‍ അറിയുന്നില്ല. ഇന്ന് ആ കണ്ണുകളിലുള്ളത് നിർവികാരതയുടെ കടലാഴങ്ങൾ മാത്രം. ബോംബ് സ്ഫോടനങ്ങളും യുദ്ധവിമാനങ്ങളുടെ ഇരമ്പലുമാണ് ഇന്ന് ഗാസയുടെ സംഗീതം. വീടുകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, പുസ്തകശാലകൾ — ഇവയെല്ലാം തരിപ്പണമായി കിടക്കുന്നത് ആ നാടിന്‍റെ ചരിത്രത്തിനും ഓർമകൾക്കും പാരമ്പര്യത്തിനും സംസ്കാരത്തിനും മുകളിലാണ്. കാതടപ്പിക്കുന്ന ശബ്ദങ്ങൾ മാത്രം കേട്ട് ഭയന്നുവിറച്ചിരുന്ന കുഞ്ഞുങ്ങളിൽ അവശേഷിക്കുന്നവർ ഇന്ന് നിർവികാരരാണ്. അവരുടെ ബാല്യം കവർന്ന് സ്വപ്നങ്ങളെ പിച്ചിച്ചീന്തിയവർക്ക് എന്ത് ന്യായീകരണങ്ങളാണുള്ളത്.

പട്ടിണിയും രോഗങ്ങളുമാണ് ഇന്ന് ഗാസയെ വേട്ടയാടുന്നത്. ശുദ്ധജലമോ ഒരു നേരത്തെ ആഹാരമോ കുഞ്ഞുങ്ങൾക്ക് പോലും കിട്ടുന്നില്ല. അവർക്ക് അത് ഉറപ്പാക്കാൻ കഴിയാത്ത മാതാപിതാക്കളുടെ വേദന വാക്കുകൾക്കതീതമാണ്. അത്യാവശ്യമുള്ളതെത്തിക്കാൻ പോലും സന്നദ്ധ പ്രവർത്തകർക്ക് ആവുന്നില്ല. കനിവുള്ളൊരു കാറ്റാകാൻ പ്രകൃതിക്കുപോലും ആവുന്നില്ല. ഇതാണിന്ന് ഗാസ.

2023 ഒക്ടോബർ 7-നാണ് ഇനിയും ഒടുങ്ങാത്ത യുദ്ധകാലത്തിന്‍റ തുടക്കം. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം കണക്കുകളിൽ 73,066 ആണ്. ഇവരിൽ 21,500 പേർ കുരുന്നുകൾ. 1,022 കൈക്കുഞ്ഞുങ്ങളെയും യുദ്ധമെടുത്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും പെട്ട് കാണാതായവർ 9,500. ബോംബുകളും ഷെല്ലുകളും പതിച്ച് കയ്യും കാലും നഷ്ടപ്പെട്ടവർ 1,73,000ത്തോളം പേര്‍.

അതായത് ഗാസയുടെ 90 ശതമാനവും ഇസ്രയേൽ തകർത്തു. മുനമ്പിന്റെ 80 ശതമാനവും ഇന്ന് അവരുടെ നിയന്ത്രണത്തിലാണ്. ഏകദേശം 2,23,000 ടൺ സ്ഫോടക വസ്തുക്കളാണ് ഗാസയിൽ മാത്രം ഇസ്രയേൽ പ്രയോഗിച്ചത്. 1945-ൽ ഹിരോഷിമയിൽ യു.എസ്. പ്രയോഗിച്ച അണുബോംബിന്റെ 16 ഇരട്ടിവരുമിത്. പിന്നെന്തു ബാക്കിയാവാൻ...? ഈ യുദ്ധത്തോടെ ഗാസ 77 വർഷം പുറകോട്ട് പോയെന്ന് യു.എൻ. പറയുന്നു. ഇസ്രയേൽ തൊടുത്ത മിസൈലുകളും ബോംബുകളും തകർത്ത കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ കുറഞ്ഞത് 140 വർഷങ്ങൾ വേണ്ടിവരുമത്രേ. കൂമ്പാരമായി കിടക്കുന്ന കെട്ടിടഭാഗങ്ങൾ മാത്രം 6.8 കോടി ടൺ വരും.

ഗാസ നിവാസികളുടെ ശരാശരി ആയുർദൈർഘ്യം 40-ലേക്ക് ചുരുങ്ങി. ആരോഗ്യമില്ലാതെ, ആഹാരമില്ലാതെ, സ്വപ്നങ്ങളില്ലാതെ, പ്രതീക്ഷകളില്ലാതെ ഏത് ജനതയ്ക്കാണ് ഈ ഭൂമിയിൽ ദീർഘകാലം നിലനിൽക്കാനാവുക? യുദ്ധത്തിൽ തോൽവി മാത്രമേയുള്ളൂ. അത് മനുഷ്യന്റെ തോൽവിയാണെന്ന് ഇനിയെന്ന് തിരിച്ചറിയുമെന്നതാണ് ചോദ്യം.

ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾക്ക് പോലും ഈ വിഷയത്തിൽ ശക്തമായൊരു അഭിപ്രായം പറയാൻ സാധിക്കാതെപോകുന്നത് എന്തുകൊണ്ടാണ്? ഈ വിഷയത്തിൽ ഇന്ത്യയുടെ നിശ്ശബ്ദത അപലപനീയമാണെന്നും ദേശീയ താൽപര്യങ്ങളുടെ കാഴ്ചപ്പാടിൽ ഈ വിഷയത്തെ വിശദീകരിക്കാൻ മോദി സർക്കാറിനാകുന്നില്ലെന്നുമാണ് പ്രതിപക്ഷ വിമർശനം. പലസ്തീനിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയെങ്കിലും സംസാരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമല്ലേയെന്ന് പ്രതിപക്ഷം ചോദിക്കുന്നു.

ഗാസയുടെ ദാരുണാന്ത്യം കണ്ണിൽ കണ്ടിട്ടും മനസ്സലിയാത്ത മൃഗതുല്യരായ യുദ്ധക്കൊതിയന്മാരോട് എന്തുപറയാൻ... ഞങ്ങൾക്ക് സഹതാപം വേണ്ട, മനുഷ്യരായി പരിഗണിക്കൂവെന്ന് മാത്രമാണ് അവശേഷിക്കുന്ന ആ ജനതയ്ക്ക് ലോകത്തോട് പറയാനുള്ളത്. യുദ്ധം കുറിച്ച റെക്കോർഡുകളിലേക്കല്ല, സമാധാനത്തിന്റെ ചക്രവാളങ്ങളിലേക്കാണ് അവർ തളർന്ന മിഴികൾ പായിക്കുന്നത്. എണ്ണക്കൊതിയിൽ സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ അഗ്നിമുന തൊടുക്കുന്നവർ ഇതാണ് തിരിച്ചറിയേണ്ടത്.

Gaza Conflict: A Thousand Days of Devastation:

The Gaza conflict has reached a devastating milestone, marking over a thousand days of relentless war. This prolonged conflict has resulted in immense suffering, destruction, and a severe humanitarian crisis for the people of Gaza.