ഖത്തറിലെ പ്രധാന പ്രകൃതി വാതക കയറ്റുമതി ടെർമിനലിൽ ഞായറാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റു. 18 പേരെ കാണാതായി. റാസ് ലഫാൻ വ്യവസായ മേഖലയിലെ ഖത്തര്‍ എനര്‍ജിയുടെ ബർസാൻ വിതരണ കേന്ദ്രത്തിലാണ് തീപിടിത്തത്തോടു കൂടിയ സ്ഫോടനം ഉണ്ടായത്.
ടെർമിനലിൽ ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഖത്തർ ഉത്പാദനം നിർത്തിവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ LNG പ്ലാന്റ് ആയ റാസ് ലഫാനില്‍ നിന്നാണ് ആഗോള വാതക കയറ്റുമതിയുടെ അഞ്ചിൽ ഒരു ഭാഗവും നടക്കുന്നത്. റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തനം ആരംഭിക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ബാർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ സ്ഫോടനവും തീപിടിത്തവുമുണ്ടായതായി ഖത്തർ എനർജി പ്രസ്താവനയിൽ അറിയിച്ചു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് വിവരം.
യുഎസ്, ഓസ്‌ട്രേലിയ, റഷ്യ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിനാണ് എൽഎൻജി ഉത്പാദനം നിർത്തിവെച്ചത്. ഇറാന്‍റെ ആക്രമണത്തിന് ശേഷം കയറ്റുമതി ശേഷി 17% കുറയാൻ സാധ്യതയുണ്ടെന്നും, അറ്റകുറ്റപ്പണികൾ തീർക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ ആവശ്യമായി വരുമെന്നുമാണ് ഖത്തര്‍ അറിയിച്ചത്. ഇതിനിടെയാണ് സ്ഫോടനം ഉണ്ടാകുന്നത്.