netanyahu-trump-iran-attack-call

പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യുദ്ധത്തില്‍ സജീവ പങ്കാളികളായിരുന്ന ഇസ്രയേല്‍ കരാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുകയോ ചെയ്തിട്ടില്ല. ഒപ്പിടാത്ത, ഒരു തരത്തിലും നേരിട്ട് ഭാഗമാകാത്ത ഒരു കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേലിന് ബാധ്യതയില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ എന്താകും യുദ്ധത്തിന്റെ ഭാവി? ലബനനില്‍ ഹിസ്ബുല്ലയ്ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ആ യുദ്ധം അവസാനിപ്പിക്കണം എന്നാണ് ഇറാന്‍റെ നിലപാട്. പക്ഷേ, ഒരു പരിധിക്കപ്പുറം നെതന്യാഹു അതിന് ചെവികൊള്ളുമോ? കണ്ടറിയണം.

ചെറിയ ചൂണ്ടയിട്ട് വലിയ മീനെ പിടിക്കാന്‍ ശ്രമം: ഹിസ്ബുല്ല നടത്തുന്ന ചെറിയ ആക്രമണശ്രമങ്ങള്‍ക്കുപോലും കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ ഈ ദിവസങ്ങളില്‍ നടത്തുന്നത്. സോഫ്റ്റ് ടച്ച് മതിയാകുമെന്ന് ട്രംപിന് പോലും നെതന്യാഹുവിനോട് പറയേണ്ട അവസ്ഥ. പക്ഷേ, കഴിഞ്ഞദിവസങ്ങളില്‍ ട്രംപ് പറഞ്ഞിട്ടും കേള്‍ക്കാതെയാണ് തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ രൂക്ഷമായ ആക്രമണം നടത്തിയത്.

പോരാട്ടം തുടരുമെന്ന് നെതന്യാഹു: ഇസ്രയേല്‍ സൈന്യം തെക്കന്‍ ലബനനില്‍ നിന്ന് പിന്‍മാറുന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും ബഫര്‍ സോണില്‍ നിന്ന് മാറില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. വടക്കന്‍ ഇസ്രയേലില്‍ നിന്ന് പലായനം പൗരന്‍മാര്‍ക്ക് മടങ്ങിയെത്തണമെങ്കില്‍ ഹിസ്ബുല്ലയുടെ സാന്നിധ്യം അതിര്‍ത്തിയില്‍ ഉണ്ടാകരുതെന്നാണ് നെതന്യാഹു നിര്‍ബന്ധം പിടിക്കുന്നത്.

ഇറാനും പ്രോക്സികളും: മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കടക്കം ഏറ്റവും വലിയ ഭീഷണി ഇറാന്‍റെ പിന്തുണയുള്ള പ്രോക്സി ഗ്രൂപ്പുകളായിരുന്നു. യെമനില്‍ ഹൂതികളും ലബനനില്‍ ഹിസ്ബുല്ലയും ഒപ്പം ഗാസയില്‍ ഹമാസും. ഹമാസിനെ ഏതാണ്ടില്ലാതാക്കിയ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഹിസ്ബുല്ലയാണ്. പ്രോക്സികള്‍ക്ക് ആയുധവും സമ്പത്തും നല്‍കി ഇറാനാണ് അവരെ വളര്‍ത്തുന്നതെന്ന ആരോപണം ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. ഇറാനുമേലുള്ള ഉപരോധം പിന്‍വലിക്കുന്നതോടെ ലഭ്യമാകുന്ന വലിയ സമ്പത്ത് വീണ്ടും പ്രോക്സികളുടെ ഉയര്‍ച്ചയ്ക്കുവേണ്ടി ഇറാന്‍ ഉപയോഗപ്പെടുത്തുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.

ഗാസയില്‍ ഹമാസിന്റെ ആയുധബലം കുറഞ്ഞെങ്കിലും ആശയബലം ചോര്‍ന്നിട്ടില്ല. അതിനാല്‍തന്നെ അവിടേക്ക് പുറമേനിന്നുള്ള പണമൊഴുക്കുണ്ടായാല്‍ ഹമാസ് വീണ്ടും ശക്തിപ്രാപിക്കുമെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നു. ഒപ്പം ഹിസ്ബുല്ലയെ ഹമാസിനെപ്പോലെ അശക്തരാക്കുന്നത് ഇസ്രയേലിന്റെ പരമപ്രധാന ലക്ഷ്യമാണ്. ഇറാന്‍ പിന്തുണയോടെ ഹിസ്ബുല്ല വീണ്ടും ഇസ്രയേലിനെ ചെറുതായെങ്കിലും അലോസരപ്പെടുത്തിയാല്‍ അത് ഒരു അവസരമായികരുതി ഇസ്രയേല്‍ ആക്രമണം കടുപ്പിക്കും. അങ്ങനെയൊന്നുണ്ടാകാതിരിക്കണമെങ്കില്‍ ഹിസ്ബുല്ല ഇസ്രയേലിന് ലക്ഷ്യമിടരുത്. മറുവശത്ത് ഹിസ്ബുല്ലയ്ക്ക് നേരെ ഇസ്രയേലും തോക്കുചൂണ്ടരുത്. പക്ഷേ, എന്നും യുദ്ധം ഹരമാക്കി മാറ്റിയ നെതന്യാഹുവിന്റെ കീഴില്‍ ഇസ്രയേല്‍ അടങ്ങിയിരിക്കുമോ? വരുംകാലത്ത് കണ്ടറിയണമത്.

ENGLISH SUMMARY:

The newly signed US-Iran peace memorandum faces a critical test of endurance as Israel remains completely detached from the diplomatic negotiations and unsigned to its binding clauses. Legal and political analysts note that Benjamin Netanyahu's government is under no direct obligation to honor a treaty that demands an immediate cessation of military hostilities against Iran-backed forces in Lebanon. Despite diplomatic pressure from US President Donald Trump to scale back offensive measures, the Israeli military has recently intensified its cross-border strikes in southern Lebanon. Tel Aviv has firmly maintained its ground regarding the creation of a secure buffer zone along the border, asserting that Israeli citizens cannot safely return to their northern homes unless Hezbollah forces fully retreat. Furthermore, severe apprehensions persist among global observers that lifting economic sanctions on Tehran will unlock billions of dollars in frozen assets that could potentially re-fund proxy networks like Hamas, Hezbollah, and the Houthis. Ultimately, the long-term stability of the entire West Asian region hinges on whether Israel will independently pursue its strategic military objectives to completely dismantle these hostile border threats.