Image: Coast of Musandam,Reuters

ഒമാന്‍ ഓയില്‍ ടെര്‍മിനലിനടുത്ത് ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ മിന അല്‍ ഫഹല്‍ ടെര്‍മിനലിനില്‍ നിന്നുള്ള ഇന്ധനനീക്കം നിര്‍ത്തിവച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം ഏതെങ്കിലും യുഎസ് സൈനികരെ കൊലപ്പെടുത്തിയാല്‍ അത് ഇറാനുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാനുള്ള മികച്ച കാരണമായിരിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 

വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ വാക്കുകള്‍. ‘ഇറാനിപ്പോള്‍ നാവികസേനയില്ല, വ്യോമസേനയില്ല, നമ്മളവരുടെ നേതൃത്വത്തെയെല്ലാം തുടച്ചുനീക്കി, എന്നിട്ടും ഇറാന്‍ മികച്ച രീതിയില്‍ യുദ്ധം ചെയ്യുന്നതായുള്ള വ്യാജവാര്‍ത്തകള്‍ പുറത്തുവരുന്നു, ഇതെല്ലാം അവിശ്വസനീയമാണ്, ഇറാന്റെ 159കപ്പലുകളും സമുദ്രത്തിന്റെ അടിത്തട്ടിലായി, ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ പക്കലുണ്ട്’– ട്രംപ് അവകാശപ്പെടുന്നു. ഈ അവകാശവാദത്തിനു പിന്നാലെയാണ് ഒമാനില്‍ വീണ്ടും ഇറാന്‍ ആക്രമണം നടത്തിയത്. 

യുദ്ധം അവസാനിപ്പിക്കണമെന്ന യുഎസ് ജനപ്രതിനിധിസഭയിലെ വോട്ടെടുപ്പിനേയും ട്രംപ് നിശിതമായി വിമര്‍ശിച്ചു. ‘അര്‍ത്ഥശൂന്യമായ വോട്ട്’ എന്നാണ് ട്രംപ് പ്രതികരിച്ചത്. കൂടാതെ വോട്ടെടുപ്പിനെ പിന്തുണച്ച നാല് റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ക്കെതിരേയും ട്രംപ് ആഞ്ഞടിച്ചു. 

അതേസമയം ഇസ്രയേല്‍–ലെബനന്‍ യുദ്ധം നിര്‍ണായക വഴിത്തിരിവിലേക്ക് കടക്കുന്നതായി സൂചന. ഇരുരാജ്യങ്ങളും തങ്ങളുടെ ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാര്‍ പുതുക്കാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മാസാവസാനം സമഗ്രമായ സമാധാന കരാറിലെത്തുന്നതിനായി ചർച്ചകൾ തുടരും.

ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള തര്‍ക്കവിഷയങ്ങളും കരാറിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഹിസ്ബുല്ല സായുധ ഗ്രൂപ്പിനെ വിലക്കുന്ന രീതിയിൽ ലെബനനകത്ത് സുരക്ഷാ നിയമങ്ങള്‍ രൂപീകരിക്കുന്നതും ഈ ഗ്രൂപ്പിനെ പിരിച്ചുവിടാൻ ആവശ്യപ്പെടുന്നതുമായ ഒരു വ്യവസ്ഥയും  ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. 

Iran Attacks Oman Oil Terminal, Fuel Supply Halted:

Iran attacks Oman oil terminal. This incident has led authorities to halt fuel transportation from the Mina Al-Fahal terminal. US President Donald Trump also stated that killing any US soldiers would be a significant cause for resuming war with Iran.