Image Credit: Reuters

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാന്‍ സൈന്യം. യുഎസ് പ്രതിരോധ മിസൈലായ പാട്രിയറ്റ് ലക്ഷ്യം തെറ്റി പതിച്ചതാണെന്നും ഐആര്‍ജിസി ആരോപിച്ചു. ഇറാന്‍റെ ഡ്രോണുകളെ ചെറുക്കാന്‍ യുഎസ് സൈന്യം തൊടുത്ത പ്രതിരോധം ടെര്‍മിനലിനുള്ളില്‍ പതിച്ചതാണെന്നും വിമാനത്താവളത്തെ തങ്ങള്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഐആര്‍ജിസി വക്താവ് പറഞ്ഞു. 

ടെര്‍മിനല്‍ 1ല്‍ പതിച്ച മിസൈല്‍ അവശിഷ്ടം ഒരിന്ത്യക്കാരന്‍റെ ജീവനെടുത്തു. മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാനാണ് കൊല്ലപ്പെട്ടത്. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 63 യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന് പിന്നാലെ കുവൈത്ത് വ്യോമപാത അടയ്ക്കുകയും കുവൈത്തിലേക്ക് എത്താനുണ്ടായിരുന്ന വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. 

പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിന് പകരം സംഘര്‍ഷം നിലനിര്‍ത്തുന്നത് ശരിയല്ലെന്ന് ഇറാന് നേരെ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹമീദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ താനി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാന്‍ വ്യക്തമാക്കിയത്. മേഖലയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നും ഇത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും എക്സ് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ ആക്രമണങ്ങളില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഖത്തറിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഇറാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇറാന്‍റെ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, വിമാനത്താവളത്തില്‍ പതിച്ചത് അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ തന്നെയാണെന്ന ഇറാന്‍റെ വാദം യുഎസ് സെന്‍റ്കോം തള്ളി. സിവിലിയന്‍ വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇറാന്‍റെ വാദം തെറ്റാണെന്നും സെന്‍റ്കോം സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി. കരുതിക്കൂട്ടി നടത്തിയ ആക്രമണം തന്നെയാണ് ഇന്നലെയുണ്ടായതെന്നും എക്സ് പോസ്റ്റില്‍ സെന്‍റ് കോം കുറിച്ചു. 

രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് ഇറാനെതിരെ തിരിച്ചടിക്കാന്‍ കുവൈത്തിന് പൂര്‍ണ അവകാശമുണ്ടെന്നും രാജ്യത്തിന്‍റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും നേരെയുണ്ടാകുന്ന ഏത് ആക്രമണവും ചെറുക്കുമെന്നുമായിരുന്നു കുവൈത്തിന്‍റെ പ്രതികരണം. നിലവിലെ ഇറാന്‍റെ വെളിപ്പെടുത്തലിനോട് കുവൈത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ യുദ്ധം സജീവമായിരുന്നപ്പോള്‍ ബഹ്റൈന് നേരെ ഇറാന്‍റെ ആക്രമണം ഉണ്ടായെന്ന് ആദ്യം വാര്‍ത്ത വരികയും ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നീട് ബഹ്റൈനില്‍ പതിച്ചത് അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ ആയിരുന്നുവെന്ന് തെളിയുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

The Iranian Revolutionary Guard Corps (IRGC) has officially denied responsibility for the recent drone strike targeted at the Kuwait International Airport. Iranian military officials alleged that a US Patriot defense missile malfunctioned and dynamically veered off course, striking Terminal 1 while attempting to intercept targets. However, the United States Central Command (CENTCOM) swiftly rejected this narrative, characterizing the incident as a deliberate and unjustifiable Iranian strike on a civilian facility. The tragic explosion claimed the life of an Indian national, identified as Mansoor Ahmed Rahman from Madhya Pradesh, and left sixty-three passengers injured. Following the severe structural damage and high-stakes escalation, Kuwait immediate suspended its national airspace and issued orders demanding Iranian diplomatic staff to leave the country.