ഇടവേളയ്ക്ക് ശേഷം ഗള്‍ഫ് മേഖലയിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍റെ വ്യോമാക്രമണം. കുവൈത്ത്  വിമാനത്താവളത്തിനു നേരെ നടത്തിയ ഡ്രോണ്‍–മിസൈല്‍ ആക്രമണത്തില്‍ പാസഞ്ചര്‍   കെട്ടിടത്തന് കേടുപാടുണ്ടായി.. ഒട്ടേറെപ്പേര്‍ക്ക്  പരുക്കേറ്റു. ആക്രമണത്തിന് പിന്നാലെ വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി കുവൈത്ത് അറിയിച്ചു. യു.എസും ഇറാനും തമ്മില്‍ മിസൈല്‍ ആക്രമണങ്ങള്‍  നടന്നതിന് പിന്നാലെയണ് വിമാനത്താവളം ആക്രമിക്കപ്പെട്ടത്.

കുവൈറ്റ്  രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ കെട്ടിടമായ ടി1 നു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഡ്രോണ്‍  ആക്രമണം  സ്ഥിരീകരിച്ച പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി  കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും അറിയിച്ചു. നേരത്തെ ഇറാന്‍ ആക്രമണം നേരിട്ട വിമാനത്താവളം ജൂണ്‍ ഒന്നു മുതലാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ആക്രമണത്തെ തുടര്‍ന്ന് ബഹ്റൈന്‍ തങ്ങളുടെ വ്യോമപാത അടച്ചു. 

യു.എസ് ഉപരോധം മറികടന്ന് ഖാര്‍ഗ് ദ്വീപിലേക്ക് പോകാൻ ശ്രമിച്ച എണ്ണക്കപ്പലിനു നേരെ യുഎസ് നടത്തിയ ആക്രമണത്തിനുള്ള മറുപടിയായാണ് കുവൈത്തിലേക്കും ബഹറൈനിലേക്കും ഇറാന്‍ ആദ്യം ആക്രമണം നടത്തിയത്. പിന്നാലെ ഇറാന്‍റെ ഖേഷം ദ്വീപ് യു.എസ് ആക്രമിച്ചിരുന്നു. പിന്നാലെയാണ് വിമാനത്താവളത്തിനു നേരെ ആക്രമണം നടന്നത്. 

വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ച്  മധ്യസ്ഥരുമായി ആശയവിനിമയം  നടത്തുന്നത് നിർത്തിവച്ചതായി ഇറാന്‍റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ യു.എസ് പ്രസിഡന്‍റ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. ബെയ്‌റൂട്ടിൽ ആക്രമണം നിര്‍ത്താന്‍ ട്രംപ് നിര്‍ദ്ദേശിച്ചതായാണ് വിവരം.

ENGLISH SUMMARY:

Iran has launched a fresh wave of airstrikes targeting key aviation hubs in the Gulf region, heavily damaging the commercial passenger terminal T1 at Kuwait International Airport. The Kuwaiti Ministry of Defense confirmed that an Iranian drone directly struck the terminal building, causing structural damage and injuring several people. In response to the escalating threat, Kuwait has suspended all commercial flight services, while neighboring Bahrain has completely closed its airspace. This latest assault follows a series of retaliatory strikes in the region, initiated after the U.S. intercepted an oil tanker bound for Iran's Kharg Island and subsequently attacked Iran's Qeshm Island.