കൃഷിമന്ത്രിക്കൊപ്പം  വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. കെഎം.ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രീറാം പുറത്തിറങ്ങി പോകുകയായിരുന്നു. കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍ .നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാർത്താസമ്മേളനം 

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. 2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണ് ശ്രീറാം സഞ്ചരിച്ചിരുന്ന കാർ ഇടിച്ച്, ജോലി കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകനായ മലപ്പുറം തിരൂർ സ്വദേശി ബഷീർ മരിച്ചത്. മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിനു മുൻപിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചു. തുടക്കത്തിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപമുയർന്നിരുന്നു. 24 മണിക്കൂർ വരെ രക്തസാംപിൾ ശേഖരിക്കാതിരുന്നതും ആക്ഷേപത്തിനിടയാക്കി.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടർ നിയമം 184 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണു ചുമത്തിയത്

വിവാദമായി പൊലീസിന്റെ ഒത്തുകളി 

മ്യൂസിയം സ്റ്റേഷനിൽ നിന്നു നോക്കിയാൽ കാണാവുന്ന ദൂരത്താണ് അപകടം നടന്നത്. നിമിഷങ്ങൾക്കകം മ്യൂസിയം ക്രൈം എസ്ഐ ജയപ്രകാശും സംഘവും  സ്ഥലത്തെത്തി. ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയ ശ്രീറാം, ബഷീറിനെ റോഡിലേക്കു മാറ്റിക്കിടത്തിയെന്നും ആ സമയത്തു മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികൾ പിന്നീടു പൊലീസിനു മൊഴി നൽകി. ചോദ്യം ചെയ്യലിനു മുതിർന്ന പൊലീസിനോടു ശ്രീറാം താൻ ആരാണെന്നു  വ്യക്തമാക്കിയതോടെ അവരുടെ സമീപനം മാറി. വഫയെ ഉടൻ പൊലീസ് വീട്ടിലേക്കു പറഞ്ഞയച്ചു.

ശ്രീറാമിനെ പൊലീസ് ആദ്യം ജനറൽ ആശുപത്രിയിലെത്തിച്ചു. കാര്യമായ പരുക്കില്ലെങ്കിലും മെഡിക്കൽ കോളജിലേക്കു തന്നെ മാറ്റണമെന്നു ഡോക്ടറായ ശ്രീറാം തന്നെ നിർദേശിച്ചു. എന്നാൽ ഡ്യൂട്ടി ഡോക്ടർ ശ്രീറാമിനു മദ്യത്തിന്റെ മണമുണ്ടായിരുന്നു എന്നു രേഖകളിൽ കുറിച്ചു. പ്രതി മദ്യപിച്ചതായി സംശയമുണ്ടായാൽ ശ്വാസ പരിശോധനയും രക്തപരിശോധനയും നടത്തണമെന്ന ചട്ടമുണ്ടെങ്കിലും അതിനായി ഡോക്ടറോട് ആവശ്യപ്പെടാതെ പൊലീസ് ശ്രീറാമിനെ അവിടെ നിന്നു വിട്ടയച്ചു. 

എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാതെ സുഹൃത്തിനൊപ്പം ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കാണു പോയത്. അവിടെയും ഐഎഎസ് സംഘം ഇടപെട്ടതോടെ രക്തപരിശോധന നടന്നില്ല. മൊഴി രേഖപ്പെടുത്തൽ പൊലീസ് മനഃപൂർവം വൈകിച്ചു. മാധ്യമ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്നാണു വഫയെ വീട്ടിൽ നിന്നു വിളിച്ചു വരുത്തി പിന്നീടു വൈദ്യപരിശോധന നടത്തിയത്.

കണ്ടത് കള്ളക്കളികൾ...

ബഷീറിന്റെ മരണം നടന്ന ദിവസം തന്നെ കേസ് വഴി തിരിച്ചു വിടാൻ ശ്രമം നടന്നിരുന്നു. രാവിലെ ബഷീറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുമ്പോഴാണു ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തിയിട്ടില്ലെന്ന വിവരം പുറത്തായത്.  അപ്പോഴേക്കും അപകടം നടന്നു 9 മണിക്കൂർ പിന്നിട്ടിരുന്നു. രാവിലെ പത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ കൂട്ടി പൊലീസ് സ്വകാര്യ ആശുപത്രിയിലെത്തി ശ്രീറാമിന്റെ രക്തസാംപിൾ എടുത്തെങ്കിലും മണിക്കൂറുകൾ വൈകിയുള്ള പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. തന്റെ പേരിലുള്ള കെഎൽ 01-ബി എം 360 നമ്പർ വോക്സ്‌വാഗൺ കാർ സംഭവസമയത്ത് ഓടിച്ചിരുന്നതു ശ്രീറാം ആണെന്നു വഫ മൊഴി നൽകി.  മാധ്യമ ഇടപെടലിനെ തുടർന്നാണു വഫയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. വൈകിട്ട് ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.വാഹനമോടിച്ചത് ആരാണെന്ന് അറിയില്ല എന്നാണു പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്.  നിസ്സാര വകുപ്പുകളിട്ടായിരുന്നു കേസെടുത്തിരുന്നത്. പിന്നീടു പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനൽ റിപ്പോർട്ടിലാണു ജാമ്യമില്ലാ വകുപ്പു ചുമത്തിയത്.

ENGLISH SUMMARY:

Sreeram Venkitaraman's presence at a press conference alongside the agriculture minister sparked protests from journalists, leading to his departure. The journalists were protesting his involvement in the KM Basheer death case.