ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ട്രംപ് ക്ഷുഭിതനായെന്നും കേട്ടാലറയ്ക്കുന്ന അസഭ്യം വിളിച്ചുവെന്നും ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലബനനില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ യുഎസുമായി നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങളില്‍ നിന്നും പിന്‍മാറുകയാണെന്ന് ഇറാന്‍  പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്‍റെ ഫോണ്‍വിളി.

നെതന്യാഹു നന്ദികെട്ടവനാണെന്നും താനല്ലാതെ മറ്റാരായിരുന്നുവെങ്കിലും നെതന്യാഹു ഇപ്പോള്‍ ജയിലില്‍ കിടന്നേനെയെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 'നിനക്ക് മുഴുത്ത വട്ടാണ്. എല്ലാവര്‍ക്കും നിന്നെ വെറുപ്പാണ്. നീ കാരണം ഇസ്രയേലിനോടും വെറുപ്പാണ്. എന്ത് വൃത്തികേടാണ് കാണിക്കുന്നതെന്ന് ബോധമുണ്ടോ' യെന്നും ട്രംപ് നെതന്യാഹുവിനോട് ചോദിച്ചതായി ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ലെബനന് എതിരെ ഇനിയും ആക്രമണം നടത്തിയാല്‍ രാജ്യാന്തര തലത്തില്‍ ഇസ്രയേല്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നും യുഎസ് സഹായിക്കാന്‍ വരില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയെന്നും ലബനനില്‍ ഹിസ്ബുല്ലയ്ക്കെതിരെയെന്ന് പറഞ്ഞ് സാധാരണക്കാരുടെ ജീവനെടുക്കുന്നതില്‍ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചുവെന്നും രൂക്ഷമായ ഭാഷയിലെ ഫോണ്‍വിളി കുറച്ച് സമയം നീണ്ടുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഫോണ്‍വിളിക്ക് പിന്നാലെ ബെയ്റൂട്ടില്‍ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ അറിയിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് പിന്നീട് ട്രംപും സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.

യുഎസ് പ്രസിഡന്‍റുമായി താന്‍ സംസാരിച്ചുവെന്നും ബെയ്റൂട്ടില്‍ ഇസ്രയേലിന് നേരെ ആക്രമണം ഉണ്ടാകാത്തപക്ഷം ഇസ്രയേലും ആക്രമിക്കില്ലെന്നും അതേസമയം തെക്കന്‍ ലബനനില്‍ സൈനിക നടപടി തുടരുമെന്നും നെതന്യാഹു പ്രസ്താവനയിറക്കി. തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും നെതന്യാഹു കുറിപ്പില്‍ പറയുന്നു. ഇതിന് പിന്നാലെ ഹിസ്ബുല്ലയും ഇസ്രയേലുമായി ഭാഗികമായ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ലബനന്‍ പ്രഖ്യാപിച്ചു.

ENGLISH SUMMARY:

US President Donald Trump reportedly expressed immense fury toward Israeli Prime Minister Benjamin Netanyahu during a recent phone conversation regarding military operations in Lebanon. According to an Axios report, Trump used harsh language to criticize Netanyahu's strategies, stating that the dynamic escalation was isolating Israel on the global stage. The high-tension phone call materialized shortly after the Iranian Foreign Minister announced Iran's complete withdrawal from all US-led diplomatic peace initiatives. Trump strictly warned that the US would withhold strategic assistance if civilian casualties continued under the pretext of targeting Hezbollah infrastructure. Following this intense diplomatic friction, Netanyahu announced a halt to airstrikes in Beirut provided Israel faces no aggression, leading Lebanon to declare a partial ceasefire between Israel and Hezbollah.