ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍പ്പാത അടച്ചിട്ടാണ് ഇറാന്‍ യുഎസ്–ഇസ്രയേല്‍ കടന്നുകയറ്റത്തിനെതിരെ പ്രതിരോധം തീര്‍ത്തത്.  ഇറാനും ഒമാനുമിടയിലുള്ള ഹോര്‍മുസിലൂടെയാണ് ആഗോള ഇന്ധനത്തിന്‍റെ 20 ശതമാനവും പ്രകൃതിവാതക വിതരണവും കടന്നുവരുന്നത്. ഇതിലുണ്ടായ തടസമാണ് എണ്ണവില കുതിച്ചുയരുന്നതിനും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിനുമെല്ലാം കാരണമായത്. ഏപ്രില്‍ ഒന്‍പതിന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെങ്കിലും ഹോര്‍മുസ് ഇപ്പോഴും അടഞ്ഞുതന്നെയാണ് കിടക്കുന്നത്. ഈ അനിശ്ചിതാവസ്ഥയ്ക്കിടയിലും ഇന്ത്യന്‍ ബന്ധമുള്ള കപ്പലുകള്‍ ഹോര്‍മുസ് കടന്നെത്തുകയും ചെയ്തു.  ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. 

സംഘര്‍ഷഭരിതമായ സാഹചര്യത്തിലും ഇന്ത്യന്‍ കപ്പലുകള്‍ സുഗമമായി എത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഊര്‍ജ–ഷിപ്പിങ് മന്ത്രാലയങ്ങള്‍ അഹോരാത്രം പ്രയത്നിച്ചിട്ടാണ് ഇത് സാധ്യമാകുന്നതെന്നും  വിവിധ വകുപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നുവെന്നും തുറമുഖ വകുപ്പിലെ ഷിപ്പിങ് ഡയറക്ടര്‍ ഒപേഷ് കുമാര്‍ ശര്‍മ വെളിപ്പെടുത്തി. പെട്രോളിയം–പ്രകൃതി വാതക മന്ത്രാലയം, വളം മന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് മുന്‍ഗണനാക്രമം തീരുമാനിക്കുന്നുവെന്നും തുടര്‍ന്നാണ് ഇറാനുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്‍പിജി ടാങ്കര്‍, 5 ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു കെമിക്കല്‍ ടാങ്കര്‍, മൂന്ന് കണ്ടെയ്നര്‍ ഷിപ്പുകള്‍, രണ്ട് ബള്‍ക് കാരിയറുകള്‍, ഒരു ഡ്രജര്‍ എന്നിങ്ങനെ 15 ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും ഹോര്‍മുസിലുണ്ട്.  ഫെബ്രുവരി 28 മുതല്‍ ഇതുവരെ ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈന്‍ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എം, ഗ്രീന്‍ സാന്‍വി എന്നീ കപ്പലുകള്‍ ഇന്ത്യയിലെത്തി. 

അതേസമയം, ഹോര്‍മുസ് തുറക്കണമെന്ന അമേരിക്കയുടെ അന്ത്യശാസനം ഇറാന്‍ തള്ളി. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്‍ കൈമാറുമെന്നും ഇത് നശിപ്പിച്ച് കളയുമെന്നും ഹോര്‍മുസ് ടോള്‍രഹിതമായി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ അവകാശപ്പെട്ടത്. എന്നാല്‍ ട്രംപ് പറയുന്നത് പകുതിയും കളവാണെന്നാണ് ഇറാന്‍റെ വാദം. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാമെന്ന് പറഞ്ഞിട്ടില്ലെന്നും 'അധികാരത്തിന്‍റെ' ഭാഷയോട് 47 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇറാന്‍ നോ പറഞ്ഞതാമെന്നും ഇറാനോട് എന്തെങ്കിലും ചെയ്യൂവെന്ന് ഒരു പാശ്ചാത്യ ശക്തിയും ആജ്ഞാപിക്കാന്‍ നില്‍ക്കേണ്ടെന്നും ഇറാന്‍റെ വിദേശകാര്യ വക്താവ് തുറന്നടിച്ചു. ഇറാന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ ഇറാന് കെല്‍പ്പുണ്ടെന്നും അതില്‍ ആരും ഇടപെടാന്‍ നില്‍ക്കേണ്ടെന്നും ഇസ്മായീലി ബാഘയി പറഞ്ഞു. 

ENGLISH SUMMARY:

The Union Government has revealed the strategic dynamic coordination behind the safe transit of Indian-linked vessels through the heavily blockaded Strait of Hormuz. Following the breakout of conflicts on February 28, Iran sealed this critical maritime gateway, which accounts for 20% of global fuel supplies, to counter US-Israel geopolitical advancements. Shipping Director Opesh Kumar Sharma stated that the Ministries of Shipping, Petroleum, and Fertilizers are collaboratively prioritizing vessel queues to systematically secure clearances directly from Iranian authorities. While 15 Indian vessels, including crude and LPG tankers, remain monitored in the zone, prominent ships like Shivalik and Nanda Devi have already reached Indian shores safely. Meanwhile, Iranian Foreign Spokesperson Esmaeil Baghaei fiercely rejected US President Donald Trump's ultimatums regarding enriched uranium handovers, stating that no Western power can dictate terms to Tehran.