missile-attack-on-kuwait

Left: ഫയല്‍ ചിത്രം ( Image Credit: AFP)

സമാധാന ചര്‍ച്ചകളെ അപ്രസക്തമാക്കുന്ന രീതിയില്‍ അമേരിക്കന്‍ ആക്രമണം ഉണ്ടായതിന് മണിക്കൂറുകള്‍ക്കകം കുവൈത്തിനെ ഇറാന്‍ ആക്രമിച്ചതായി സൂചന. കുവൈത്തിലെ പലയിടങ്ങളിലും മിസൈല്‍– ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൈന്യം അറിയിച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഫോണുകളിലേക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ശത്രുവിന്‍റെ ഡ്രോണ്‍–മിസൈല്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തുവെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. 

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ തുടരുന്നതിനിടെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടുവെന്ന് കുവൈത്തിലുള്ളവരും പ്രതികരിച്ചിട്ടുണ്ട്.  എന്നാലിത് മിസൈല്‍ വീണതല്ല, വ്യോമപ്രതിരോധം അതിനെ നിര്‍വീര്യമാക്കിയതാണെന്നും ആശങ്ക വേണ്ടെന്നും യഥാര്‍ഥ വിവരങ്ങള്‍ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ജനങ്ങളെ അറിയിക്കുമെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തില്‍ ആക്രമണമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇസ്രയേലിലും സൈറണുകള്‍ മുഴങ്ങുന്നു. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം. ലബനനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഹിസ്ബുല്ലയ്ക്കെതിരെ രൂക്ഷമായ ആക്രമണമാണ് ദിവസങ്ങളായി ഇസ്രയേല്‍ നടത്തുന്നത്. ഇതിന് തിരിച്ചടിയെന്നോണമാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ഇറാനെ യുഎസ് ആക്രമിച്ചത്. തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഭീഷണികളെ ചെറുക്കുന്നതായതിനാല്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇത് തടസമല്ലെന്നായിരുന്നു സെന്‍റ്കോമിന്‍റെ വിശദീകരണം. അതേസമയം അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്നുണ്ടെന്ന് ഐആര്‍ജിസിയും വ്യക്തമാക്കി. 

ഇറാന്‍റെ നാല് ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് യുഎസും യുഎസിന്‍റെ എംക്യു 9 ഡ്രോണ്‍ വീഴ്ത്തിയെന്ന് ഇറാനും അവകാശപ്പെടുന്നു. ബന്ദര്‍ അബ്ബാസിലെ ഇറാന്‍റെ മിസൈല്‍ ലോഞ്ചിങ് പാഡുകള്‍ നശിപ്പിച്ചതായും യുഎസ് സൈന്യം പറയുന്നു. 'കൃത്യവും പ്രതിരോധാത്മകവും വെടിനിര്‍ത്തല്‍ പാലിച്ചുമുള്ള ആക്രമണമാണ് യുഎസ് നടത്തിയത്' എന്നായിരുന്നു യുഎസ് വക്താവ് പ്രതികരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ENGLISH SUMMARY:

Amid ongoing Eid al-Adha celebrations, Kuwait was placed on high military alert following suspected missile and drone strikes launched by Iranian forces shortly after US air operations in the region. The Kuwaiti military confirmed the activation of its air defense systems, which successfully intercepted and neutralized incoming hostile targets before they could impact residential areas. While residents reported hearing massive explosions across the country, authorities assured the public that these sounds were the result of successful mid-air interceptions rather than direct missile impacts. Concurrently, rocket sirens wailed across Northern Israel as Hezbollah retaliated against continuous Israeli ceasefire violations in Lebanon. As the conflict intensifies, US CENTCOM claimed it dismantled several Iranian missile launching pads in Bandar Abbas and downed four drones, while Iran's IRGC counter-claimed the successful downing of an advanced American MQ-9 Reaper drone.