Image Credit: x/marionoufal
ഹോര്‍മുസും തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസും ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കകം തിരിച്ചടിച്ച് ഇറാന്‍. അമേരിക്കയുടെ MQ -9 ഡ്രോണ്‍ വീഴ്ത്തിയതായി ഐആര്‍ജിസി അവകാശപ്പെട്ടു. RQ-4 , F 35 വിമാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാന്‍റെ ആകാശത്ത് നിന്ന് യുദ്ധവിമാനങ്ങള്‍ക്ക് പിന്തിരിഞ്ഞോടേണ്ടി വന്നുവെന്നും ഐആര്‍ജിസി പറയുന്നു.
ഇസ്രയേലിന്‍റെ അന്ത്യമടുത്തുവെന്നും 15 വര്‍ഷങ്ങള്‍ക്കകം ഇസ്രയേല്‍ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കപ്പെടുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പറഞ്ഞു. ഹിസ്ബുല്ലയ്ക്കെതിരെയെന്ന പേരില്‍ ലബനനില്‍ ഇസ്രയേല്‍ രൂക്ഷമായി ആക്രമണങ്ങള്‍ നടത്തുന്നതിനിടെയാണ് മുജ്തബയുടെ ഏറ്റവും പുതിയ പ്രതികരണം. പശ്ചിമേഷ്യ ഇനിയൊരിക്കലും യുഎസിന് സുരക്ഷിതമായ താവളമായിരിക്കില്ലെന്നും മുജ്തബ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടായിട്ടും ഇസ്രയേല്‍ ലബനന് നേരെ ആക്രണം തുടരുകയാണ്. ലബനന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ എന്നേക്കുമായി അവസാനിപ്പിച്ചാല്‍ മാത്രം യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന ഇറാന്‍റെ നിലപാടില്‍, ലബനന്‍–ഇസ്രയേല്‍ വെടിനിര്‍ത്തലില്‍ അമേരിക്ക ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്നാണ് യുഎസ് പ്രതികരിച്ചത്. കിഴക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.
സമാധാന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കവേയാണ് പുലര്‍ച്ചെ ബന്ദര്‍ അബ്ബാസിലും ഹോര്‍മുസിനടുത്തും മിസൈല്‍ ലോഞ്ചിങ് പാഡുകള്‍ക്ക് നേരെയും യുഎസ് സൈന്യം ആക്രമണം നടത്തിയത്. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുന്നതിന് ഇറാന്‍റെ മേല്‍ സമ്മര്‍ദമേറ്റുന്നതിനാണ് ആക്രമണം നടത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഏറെക്കുറെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നാലെ ട്രംപിന്‍റെ പ്രതികരണവും പുറത്തുവന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുകയോ, അമേരിക്കയ്ക്ക് താല്‍പര്യമുള്ള രാജ്യത്തിന് കൈമാറുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ വേണമെന്നാണ് ട്രംപിന്‍റെ ആവര്‍ത്തിച്ചുള്ള ഭീഷണി.