Image Credit: Reuters, AFP
പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുന്നതിനായി സമ്പുഷ്ടീകരിച്ച യുറേനിയം പൂര്‍ണമായും ഇറാന്‍ യുഎസിന് കൈമാറാന്‍ തയാറായെന്ന് സൂചന. ഉന്നത യുഎസ് ഉദ്യഗോസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. സമാധാനക്കരാര്‍ അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. യുദ്ധം അവസാനിപ്പിക്കുകയാണെന്നും ഹോര്‍മുസ് തുറക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം കരാറിലെ വ്യവസ്ഥകളെ കുറിച്ച് വ്യക്തമാക്കാന്‍ ട്രംപ് തയാറായില്ല.
ഇറാന്‍ എത്തരത്തിലാകും സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുകയെന്നോ, അത് നശിപ്പിക്കുകയെന്നോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. സമാധാന കരാര്‍ നിലവില്‍ വന്ന ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകൂവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
അതേസമയം, ഇക്കാര്യത്തില്‍ ഇറാന്‍ ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിന് നല്‍കണമെന്ന വ്യവസ്ഥയെ ഇതുവരെയും ഇറാന്‍ നഖശിഖാന്തം എതിര്‍ത്തിരുന്നു. ഇറാന്‍റെ ആഭ്യന്തര കാര്യമാണതെന്നും സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിന് നല്‍കേണ്ടതിന്‍റെ ആവശ്യകത എന്തെന്നുമായിരുന്നു ഇറാന്‍റെ ചോദ്യം. തീര്‍ത്തും സിവിലിയന്‍ ആവശ്യങ്ങള്‍ക്കാണ് ഇറാന്‍ ഇത് ഉപയോഗിക്കുന്നതെന്നും ആണവായുധം ഇറാന്‍റെ അജണ്ടയിലേ ഇല്ലെന്നും യുദ്ധത്തിന് മുന്‍പ് തന്നെ ഇറാന്‍ വ്യക്തമാക്കിയിരുന്നു. സമ്പുഷ്ട്രീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒരുദ്ദേശവുമില്ലെന്നാണ് ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി കഴിഞ്ഞ ദിവസവും പറഞ്ഞത്.
രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ കണക്കുകൂട്ടല്‍ പ്രകാരം 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാന്‍റെ പക്കലുണ്ട്. ആയുധമുണ്ടാക്കാന്‍ ആവശ്യമായതിന് തൊട്ടടുത്താണ് ഇതെന്നും ഏജന്‍സി പറയുന്നു. ഇത് ഉപയോഗിച്ച് ഇറാന്‍ ആണവായുധം നിര്‍മിക്കുമെന്നും ഇറാനെ ആണവശക്തിയായി വളരാന്‍ അനുവദിക്കില്ലെന്നുമാണ് ഇസ്രയേലിന്‍റെയും യുഎസിന്‍റെയും നിലപാട്. സമാധാന ചര്‍ച്ച ഇത്രയും നാള്‍ നീണ്ടുപോയതും കരാറിലെ ഈ വ്യവസ്ഥയെചൊല്ലിയായിരുന്നു. യുറേനിയം കൈമാറിയില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കുമെന്നും വലിയ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് യുഎസ് മുന്നറിയിപ്പ് നല്‍കിയത്.
ഇസ്ഫഹാനിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ് സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് യുഎസ് കരുതുന്നത്. ഇവിടേക്ക് ആക്രമണം നടത്തുന്നതിനായി അമേരിക്കന്‍ സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ തയാറെടുപ്പുകള്‍ നടത്തിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ടോമഹാക്ക് മിസൈലുകള്‍ ഉപയോഗിച്ച് യുഎസ് ഇവിടെ ആക്രമണം നടത്തിയിരുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ആരംഭിച്ച യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിച്ചു. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇത് സമസ്ത മേഖലകളിലും പ്രതിസന്ധിയും വിലക്കയറ്റവുമുണ്ടാക്കി.