ഇത്തവണ വോട്ടുചെയ്യാൻ നാട്ടിലെത്താനായില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള ആകാംക്ഷയിൽ ഒട്ടും പിന്നിലല്ല പ്രവാസലോകവും. ചായക്കടകളിലും ഓഫീസുകളിലെ ഇടവേളകളിലും അത്തരത്തിലുള്ള തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ഒട്ടും കുറവില്ല .ദുബായിലെ അവീർ പഴം പച്ചക്കറി മാർക്കറ്റിൽ എല്ലാ വൈകുന്നേരങ്ങളിലും ജോലി കഴിഞ്ഞ് ഒരു കൂട്ടം മലയാളികൾ ഒത്തുകൂടും. ഓരോ മണ്ഡലങ്ങളിലെയും ജയപരാജയങ്ങൾ ഇഴകീറി പരിശോധിക്കും . ചൂട് ചായക്കൊപ്പം അർധരാത്രി വരെ നീളുന്ന ചൂടൻ രാഷ്ട്രീയ ചർച്ചകൾ മാർക്കറ്റിലെ സ്ഥിരം കാഴ്ചയാണ്.