രണ്ടാംഘട്ട സമാധാന ചര്‍ച്ചയ്ക്ക് ഇറാന്‍ തയാറാവാത്തതിന് പിന്നാലെ വെടിനിര്‍ത്തല്‍ കാലാവധി ദീര്‍ഘിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചയ്ക്കെത്താനും സമാധാനത്തിനുമായി ഇറാന് താന്‍ കൂടുതല്‍ സമയം അനുവദിക്കുകയാണെന്നും അതേസമയം ഹോര്‍മുസില്‍ യുഎസ് സൈന്യത്തിന്‍റെ ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്‍കൈയെടുക്കുന്നത് വരെ വെടിനിര്‍ത്തല്‍ നീട്ടുന്നുവെന്നാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.  വെടിനിര്‍ത്തല്‍ നീട്ടില്ലെന്നും ഇറാന്‍റെ എല്ലാ ഊര്‍ജകേന്ദ്രങ്ങളും തകര്‍ക്കുമെന്നുമായിരുന്നു ഇന്നലെ വരെ ട്രംപ് പറഞ്ഞിരുന്നത്. നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. 

'ഇറാന്‍ സര്‍ക്കാര്‍ ഗുരുതരാവസ്ഥയിലാണെന്ന സാഹചര്യം ഞങ്ങള്‍ മനസിലാക്കുന്നു. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, പാക്  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇറാനെ വീണ്ടും ആക്രമിക്കുന്നത് ഞങ്ങള്‍ നിര്‍ത്തിവച്ച നടപടി ദീര്‍ഘിപ്പിക്കുകയാണ്. ഇറാന്‍റെ നേതാക്കളോ പ്രതിനിധികളോ സമാധാനത്തിനുള്ള നിര്‍ദേശങ്ങളുമായി വരട്ടെ, അതുവരെ വെടിനിര്‍ത്തല്‍ തുടരും. എന്നാല്‍ ഉപരോധം തുടരാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്‍ കരാറിനുള്ള നിര്‍ദേശം നല്‍കുന്നത് വരെ ഹോര്‍മുസിലെ ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്ക്കായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് പാക്കിസ്ഥാനിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങിയെങ്കിലും ഭീഷണിയുടെ നടുവില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെ യാത്ര ഉപേക്ഷിച്ചു. സമാധാന ചര്‍ച്ചയ്ക്കുള്ള മേശയെ ട്രംപ് കീഴടങ്ങല്‍ മേശയാക്കാന്‍ നാടകം കളിക്കുന്നുവെന്നും ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധമടക്കം വെടിനിര്‍ത്തല്‍ കരാറിന്‍റെ ലംഘനമാണെന്നും ഇറാന്‍ സ്പീക്കര്‍ ആരോപിച്ചിരുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും സ്പീക്കര്‍ ഖാലിബാഫുമാണ് ആദ്യഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. 

ENGLISH SUMMARY:

US President Donald Trump has indefinitely extended the ceasefire with Iran, just hours before it was set to expire on April 22, 2026. This move follows a request from Pakistan to allow more time for diplomatic efforts. However, Trump emphasized that the US naval blockade of Iranian ports and the Strait of Hormuz will remain in effect until Iran submits a formal peace proposal. Meanwhile, US Vice President JD Vance's scheduled trip to Islamabad for the second round of peace talks has been put on hold as Iran remains non-committal, citing the US blockade as a violation of the truce. Iranian Speaker Mohammad Bagher Ghalibaf labeled the extension a "ploy," while Pakistan's leadership continues to mediate between Washington and Tehran to prevent further military escalation.