Image Credit: X/marinetraffic (Manuel Hernandez)
ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിക്കവേ അമേരിക്ക പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ നിറയെ മിസൈലുണ്ടാക്കാനുള്ള കെമിക്കലുകള്‍ ആയിരുന്നുവെന്നും ചൈനയില്‍ നിന്നാണ് കപ്പല്‍ വന്നതെന്നും യുഎസ് റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി. സമൂഹ മാധ്യമമായ എക്സിലാണ് നിക്കി ഹേലിയുടെ ആരോപണം. മടങ്ങിപ്പോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കപ്പല്‍ തയാറാവാതെ ഇരുന്നതോടെയാണ് ആക്രമിക്കേണ്ടി വന്നതെന്നും അവര്‍ ന്യായീകരിച്ചു. ഇറാനെ ചൈന സൈനികമായി സഹായിക്കുന്നുണ്ടെന്നതിന് ഇതില്‍പരം എന്ത് തെളിവാണ് വേണ്ടതെന്നും നിസാരമായി കാണേണ്ട വിഷയമല്ല ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഎസ് സൈന്യത്തിന്‍റെ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്നും പരസ്പര ധാരണയുടെ ലംഘനമാണിതെന്നും ഇറാന്‍ ആവര്‍ത്തിച്ചു. സൈന്യത്തെ ഉപയോഗിച്ചുള്ള കൊള്ളയാണ് അമേരിക്ക നടത്തിയതെന്നും ഭീഷണിപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ സന്നദ്ധമല്ലെന്നും സ്പീക്കര്‍ ഖാലിബാഫ് തുറന്നടിച്ചു. ഇറാന്റെ 'എംവി തൗസ്ക' എന്ന കപ്പലാണ് യുഎസ് നാവികസേന പിടിച്ചെടുത്തത്.
ഹോര്‍മുസിലെ ഉപരോധം നീക്കാതെ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇസ്‍ലാമാബാദില്‍ രണ്ടാം ഘട്ട ചര്‍ച്ചയ്ക്കായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് എത്തിയിരുന്നുവെങ്കിലും ഇറാന്‍ ഇതുവരെയും സന്നദ്ധമായിട്ടില്ല. വെടിനിര്‍ത്തല്‍ നീട്ടാന്‍ താന്‍ തയാറല്ലെന്നും കരാറിലെത്തുക മാത്രമാണ് ഇറാന് മുന്നിലുള്ള വഴിയെന്നുമായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം.
അതേസമയം, യുഎസ് സൈന്യം പിടിച്ചെടുത്ത കപ്പല്‍ യുദ്ധത്തില്‍ സ്വന്തമാക്കിയ വസ്തുവകയായിട്ടാകും കണക്കാക്കുയെന്നും കപ്പലില്‍ ഐആര്‍ജിസി കമാന്‍ഡോയുണ്ടെങ്കില്‍ അവരെ യുദ്ധത്തടവുകാരായി കൊണ്ടുപോകുമെന്നും അനലിസ്റ്റും മുന്‍ യുഎസ് നേവി ക്യാപ്റ്റനുമായ ഷൂസ്റ്റര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിച്ചവര്‍ പിടിച്ചെടുക്കുന്ന സ്വര്‍ണം പണം, ഭൂമി, ആയുധങ്ങള്‍, സൈനികോപകരണങ്ങള്‍, ഭൂമി, സൈനികര്‍ എന്നിവയെയാണ് സാധാരണയായി യുദ്ധത്തില്‍ സ്വന്തമാക്കിയ വസ്തുക്കളായി (spoils of war) കണക്കാക്കുക. ഒമാന്‍ കടലിടുക്കില്‍ വച്ചാണ് ഇറാന്‍ കപ്പല്‍ യുഎസ് പിടികൂടിയത്. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് ആവശ്യമായ രാസവസ്തുക്കള്‍ ചൈനയില്‍ നിന്നും കൊണ്ടുവരുന്ന കപ്പലുകളിലൊന്നാണിതെന്ന് കരുതുന്നതായി വാള്‍ സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം ആരംഭിച്ച ശേഷം രണ്ടുവട്ടം കപ്പല്‍ ചൈനയില്‍ പോയി വന്നുവെന്നും മാരിടൈം അനലിസ്റ്റുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.