ഒമാനില്‍ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവിന്‍റെ സംസ്കാരം പൂര്‍ത്തിയായി. മുംബൈ കാണ്ടിവാലി നിവാസിയായ ദീക്ഷിത് സോളങ്കിയുടെ അന്ത്യകർമങ്ങളാണ് കാണ്ടിവാലി വെസ്റ്റിലെ ധനുകർവാടി ശ്മശാനത്തിൽ നടന്നത്. കൊല്ലപ്പെട്ട് 48 ദിവസങ്ങള്‍ക്ക് ശേഷമാണ് ദീക്ഷിതിന്‍റെ സംസ്കാരം നടത്തിയത്.
യുഎസ്– ഇറാന്‍ സംഘര്‍ഷങ്ങളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനാണ് ദീക്ഷിത്. മാര്‍ച്ച് ഒന്നിനാണ് ഒമാന്‍ തീരത്തുവത്ത് മാര്‍ഷല്‍ ഐലന്‍ഡ്സിന്‍റെ പതാകയേന്തിയ എണ്ണ കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്. കപ്പലിലെ എന്‍ജിന്‍ റൂമിൽ ഓയിലറായിട്ടായിരുന്നു ദീക്ഷിത് ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 8 ന് യൂറോപ്പിൽ നിന്ന് പുറപ്പെട്ട കപ്പൽ സൗദി അറേബ്യയിലെ റാസ് തനുറയിലേക്ക് പോകുകയായിരുന്നു. ആക്രമണത്തില്‍ ദീക്ഷിത്ത് കൊല്ലപ്പെടുകയും കപ്പലിലെ മറ്റ് ജീവനക്കാര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.
മരിച്ച് ഒരു മാസത്തിന് ശേഷം ഏപ്രിൽ 5 നാണ് ദീക്ഷിതിന്‍റെ ഭൗതികാവശിഷ്ടം മുംബൈയിൽ എത്തിച്ചത്. മാർച്ച് 1 മുതൽ ദീക്ഷിതിന്റെ ഭൗതികാവശിഷ്ടങ്ങൾ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, വി ഷിപ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ദുബായിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിങ്ങനെ നിരവധി അധികാരികളെ സമീപിച്ചിരുന്നു. ഒടുവില്‍ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഷാർജയിൽ നിന്ന് വിമാനമാർഗം എത്തിച്ച ഭൗതികാവശിഷ്ടങ്ങൾ ഏപ്രിൽ 5 ന് മുംബൈ വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ വെച്ച് കുടുംബത്തിന് കൈമാറുകയും ചെയ്തു.
സീൽ ചെയ്യാത്ത പെട്ടിയിൽ ലോഹ വയർ, തെർമോക്കോൾ, ചാരം എന്നിവയടക്കമായിരുന്നു ദീക്ഷിത് സോളങ്കിയുടെ ഭൗതികാവശിഷ്ടങ്ങള്‍ എത്തിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുരുഷന്‍റേതോ സത്രീയുടേതോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു ഭൗതികാവശിഷ്ടങ്ങള്‍. തുടര്‍ന്ന് കുടുംബം ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹം പൂര്‍ണമായും കത്തിയെരിഞ്ഞ അവസ്ഥയില്‍ ഡിഎൻഎ പരിശോധന സാധാരണയായി സാധ്യമല്ലെന്ന് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവ് കൂടെയുണ്ടായതിനാല്‍ പരിശോധന പൂര്‍ത്തിയാക്കുകയായിരുന്നു.
ഏപ്രിൽ 7-ന് ഹൈക്കോടതി നിർദ്ദേശപ്രകാരം ഭൗതികാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി കലിനയിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് ലബോറട്ടറീസിലേക്ക് അയച്ചു. തുടര്‍ന്ന് ദീക്ഷിതിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് കുടുംബത്തിന് അന്ത്യകർമങ്ങൾ നടത്താന്‍ തീരുമാനിച്ചത്. ശനിയാഴ്ച രാവിലെയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.