Image: Reuters
യുഎഇയുടെ സംരക്ഷണത്തിനായി ഇസ്രയേല്‍ തങ്ങളുടെ ലേസര്‍ അധിഷ്ഠിത വ്യോമ പ്രതിരോധ സംവിധാനമായ ‘അയണ്‍ ബീം’ വിന്യസിച്ചതായി റിപ്പോര്‍ട്ട്. തീര്‍ത്തും രഹസ്യമായി നടത്തിയ വിന്യാസത്തെക്കുറിച്ച് ഇപ്പോഴാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇറാനില്‍ നിന്നുള്ള മിസൈലുകളേയും ഡ്രോണുകളേയും തടഞ്ഞ് ഗള്‍ഫ് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ലേസര്‍ സംവിധാനത്തോടൊപ്പം ‘സ്പെക്ട്രോ’ എന്നറിയപ്പെടുന്ന നിരീക്ഷണ പ്ലാറ്റ്ഫോമും ഇസ്രയേല്‍ വിന്യസിച്ചിട്ടുണ്ട്. 20 കിലോമീറ്റര്‍ വരെ അകലെയുള്ള ഇറാനിയന്‍ ഡ്രോണുകളെ കണ്ടെത്താന്‍ ശേഷിയുള്ളവയാണ് ഈ സ്പെക്ട്രം സംവിധാനം. തങ്ങളൊരു യഥാര്‍ത്ഥ സുഹൃത്തുക്കളാണെന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഇതിലൂടെ ഇസ്രയേല്‍ ലക്ഷ്യം വച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
സാങ്കേതികവിദ്യ കൈമാറുക മാത്രമല്ല ഇസ്രയേല്‍ ചെയ്തതെന്നും യുഎഇയിലേക്കയച്ച അയൺ ബീം വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. അതും വലിയൊരു വിഭാഗം സൈനിക ട്രൂപിനെ തന്നെ വിന്യസിച്ചുവെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് െചയ്യുന്നത്. പുതിയ സവിശേഷതകളും സാങ്കേതികത്വവും നിറഞ്ഞ അയണ്‍ ബീമാണ് ഇത്തവണ വിന്യസിച്ചിരിക്കുന്നത്.
ഭൂതല അടിസ്ഥാനത്തിലുള്ള ലേസര്‍ സംവിധാനമാണിത്. റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ആണ് ഇവ വികസിപ്പിച്ചത്. പുത്തന്‍ സാങ്കേതികവിദ്യകളാണ് ഈ ലേസര്‍ സംവിധാനത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ചെറിയ ദൂരപരിധിയിലുള്ള റോക്കറ്റുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ സംവിധാനം ലക്ഷ്യസ്ഥാനത്തെ നാലഞ്ചു സെക്കന്റുകൾക്കുള്ളിൽ നിർവീര്യമാക്കുന്നു. മുൻപ് ലെബനനിൽ നിന്ന് ഹിസ്ബുള്ള വിക്ഷേപിച്ച മിസൈലുകൾക്കും പ്രതിരോധങ്ങൾക്കുമായി ഇസ്രായേൽ ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേല്‍ മുന്‍പും ആദ്യഘട്ടത്തിലുള്ള തങ്ങളുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെല്ലാം യുഎഇക്ക് കൈമാറിയിട്ടുണ്ട്. സ്വന്തം സൈന്യത്തില്‍ പൂര്‍ണമായി ഉള്‍പ്പെടുത്തുന്നതിനു മുന്‍പ് തന്നെ അവയെല്ലാം യുഎഇക്ക് കൈമാറിയിട്ടുണ്ട്. ഇസ്രയേല്‍ ഇറാന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇറാൻ ഏകദേശം 500-ലധികം ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തോളം ഡ്രോണുകളും യുഎഇക്ക് നേരെ അയച്ചിട്ടുണ്ട്. ഇസ്രായേൽ നൽകിയ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ആക്രമണങ്ങളെ യുഎഇ വിജയകരമായി നേരിട്ടു. മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കാനും അവര്‍ക്ക് സാധിച്ചു.
ആയുധകൈമാറ്റത്തോടൊപ്പം ഇന്റലിജന്‍സ് വിവരങ്ങളും ഇസ്രയേല്‍ യുഎഇയുമായി കൈമാറുന്നുണ്ട്. 2020-ൽ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടിയാണ് ഈ സൈനിക സഹകരണത്തിന് അടിത്തറയായത്. സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ കരാറോടെ ശക്തമാവുകയായിരുന്നു.