FILE PHOTO: An aerial view of the Iranian shores and the island of Qeshm in the strait of Hormuz, December 10, 2023. REUTERS/Stringer/File Photo
സമാധാന ചര്‍ച്ചയ്ക്ക് ഇസ്‍ലമാബാദില്‍ കളമൊരുങ്ങവേ ഹോര്‍മുസില്‍ ഇറാന് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. യുദ്ധം കനത്തത്തോടെ ഹോര്‍മുസില്‍ പലയിടങ്ങളിലായി ഇറാന്‍ സൈന്യം മൈനുകള്‍ വിതറിയിരുന്നു. എന്നാല്‍ ഇത് എവിടെയൊക്കെയാണ് വിതറിയതെന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് കടലിടുക്ക് പൂര്‍ണമായി തുറക്കാന്‍ പ്രതിസന്ധിയുണ്ടെന്നും ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് നിലവില്‍ ഇസ്‍ലമാബാദില്‍ നടക്കുന്ന ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ചെറുബോട്ടുകളിലെത്തി ഇറാന്‍ സൈന്യം ഹോര്‍മുസില്‍ മൈന്‍ വിതറിയത്. ഇസ്രയേലും യുഎസും വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ നീക്കം. മൈനുകള്‍ വിതറിയ സ്ഥലങ്ങള്‍ ഇറാന്‍ സൈന്യം രേഖപ്പെടുത്തിയിരുന്നു. അവശ്യ സമയങ്ങളില്‍ ഇത് ഇവിടെ നിന്ന് നീക്കാന്‍ പാകത്തിലായിരുന്നു അന്ന് മൈന്‍ വിതറിയത്. എന്നാല്‍ ഈ രേഖപ്പെടുത്തല്‍ ഇടയ്ക്ക് പാളിയെന്നും ചില സ്ഥലങ്ങള്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
സൈന്യത്തിന്‍റെ സുരക്ഷയില്ലാതെ കപ്പലുകള്‍ ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിക്കരുതെന്നും കടലിലുള്ള മൈനുകള്‍ അപകടമുണ്ടാക്കിയേക്കാമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയത് ഈ സാഹചര്യത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, മൈനുകളില്ലാത്ത ഭാഗത്ത് കൂടി ഇറാന്‍ കപ്പലുകളെ കടത്തി വിടുന്നുണ്ട്. ഇതിലൂടെ പോകുന്നതിന് പണം ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 'ഹോര്‍മുസിലൂടെ കടന്നു പോകാനും വരാനുള്ള കപ്പലുകള്‍ സുരക്ഷാപ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും കടലിലെ മൈനുകളില്‍ തട്ടി അപകടമുണ്ടാകാതെ ഇരിക്കാന്‍ പകരം മാര്‍ഗം സ്വീകരിക്കാം' എന്നുമായിരുന്നു ഐആര്‍ജിസിയുടെ പ്രസ്താവന. ഇതിനൊപ്പം സഞ്ചാരപാതയുടെ വിവരങ്ങളും ഇറാന്‍ സൈന്യം പങ്കുവച്ചിരുന്നു.
അതേസമയം, ഇറാനുമായുള്ള സമാധാന ചര്‍ച്ചയ്ക്കായി യുഎസ് പ്രതിനിധിയും വൈസ് പ്രസിഡന്‍റുമായ ജെ.ഡി.വാന്‍സ് ഇസ്ലമാബാദിലെത്തി. ഇറാന് മുന്നോട്ടു വച്ച പത്തിന നിര്‍ദേശങ്ങളിലാകും സമാധാന ചര്‍ച്ച. ട്രംപിന്‍റെ മരുമകന്‍ ജാറെഡ് കുഷ്നറും വിറ്റ്കോഫുമാണ് നേരത്തെ ചര്‍ച്ചയ്ക്ക് എത്താനിരുന്നത്. എന്നാല്‍ ഇവരെ വേണ്ടെന്നും വാന്‍സ് എത്തിയാല്‍ ചര്‍ച്ചയെ കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു ഇറാന്‍റെ നിലപാട്. ഇതിന് യുഎസ് വഴങ്ങുകയായിരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച യുദ്ധത്തിന് എതിരെ കടുത്ത നിലപാടെടുത്തയാളെന്നതാണ് വാന്‍സില്‍ ഇറാന്‍ കാണുന്ന സവിശേഷത. യുഎസ് പ്രതിനിധിയെന്ന നിലയില്‍ സംസാരിക്കാന്‍ വാന്‍സാണ് യോഗ്യനെന്നും ഇറാന്‍ വ്യക്തമാക്കുന്നു. ഇറാന്‍റെ പാര്‍ലമെന‍്റ് സ്പീക്കര്‍ മുഹമ്മദ് ബാഘെര്‍ ഘാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായാണ് വാന്‍സ് കൂടിക്കാഴ്ച നടത്തുക. 1979 ന് ശേഷം ഇറാനും യുഎസും തമ്മില്‍ മുഖാമുഖം നടത്തുന്ന ആദ്യ ചര്‍ച്ച കൂടിയാകും ഇത്. വാന്‍സിനെ സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കുഷ്നറും അനുഗമിക്കുന്നുണ്ട്.