കഴിഞ്ഞ അഞ്ച് ആഴ്ചകളായി പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം കൂടുതൽ ശക്തമാകുന്നതിന്‍റെ സൂചനയായി ഇറാനിലെ ജനങ്ങൾക്ക് ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് ഇസ്രയേൽ സൈന്യത്തിന്‍റെ മുന്നറിയിപ്പ്. ഇറാനിലെ റെയിൽവേ ശൃംഖലകളെ ലക്ഷ്യം വെച്ചേക്കുമെന്ന സൂചനയാണ് ഇസ്രയേൽ ഇതിലൂടെ നൽകുന്നത്. പേർഷ്യൻ ഭാഷയിലുള്ള സന്ദേശത്തിൽ, ട്രെയിനുകളിലും റെയിൽവേ ട്രാക്കുകൾക്ക് സമീപവുമുള്ള സാന്നിധ്യം ജീവന് ഭീഷണിയായേക്കാമെന്ന് ഇസ്രയേൽ സൈന്യം ഇറാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ‘നിങ്ങളുടെ സുരക്ഷയ്ക്കായി, ഇറാൻ സമയം രാത്രി 9:00 മണി വരെ രാജ്യത്തുടനീളം ട്രെയിൻ ഉപയോഗിക്കുന്നതിൽ നിന്നോ ട്രെയിനിൽ യാത്ര ചെയ്യുന്നതിൽ നിന്നോ വിട്ടുനിൽക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ട്രെയിനുകളിലും റെയിൽവേ ട്രാക്കുകൾക്ക് സമീപവുമുള്ള നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നു’ എന്നാണ് ഇസ്രയേൽ സൈന്യം തങ്ങളുടെ പേർഷ്യൻ ഭാഷയിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്.
ഇറാനിൽ ആഴ്ചകളായി ഇന്‍റര്‍നെറ്റ് നിരോധിച്ചിരിക്കുന്നതിനാൽ സാധാരണക്കാർക്ക് ഇത്തരം മുന്നറിയിപ്പുകൾ ലഭിക്കുന്നത് പ്രയാസകരമാണ്. എന്നിരുന്നാലും ഇറാനിന് പുറത്ത് നിന്ന് പ്രവർത്തിക്കുന്ന പേർഷ്യൻ ഭാഷാ സാറ്റലൈറ്റ് ചാനലുകൾ ഈ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ ഇറാനിൽ പുതിയ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ ഇസ്രയേലിനും അയൽരാജ്യങ്ങളായ ഗൾഫ് അറബ് രാജ്യങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തി.
ഇറാനിലെ സാഹചര്യം
അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നത്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്‍റെ ആവശ്യം. അതേസമയം കരാറിൽ ഒപ്പിടാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാറായ സാഹചര്യത്തിൽ ഇറാന്‍റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന ഭീഷണി ഇസ്രയേൽ ശക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ഇറാന്‍റെ എല്ലാ ഊർജ്ജ നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകർക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ഇതിനായി ഇറാൻ സമയം ബുധനാഴ്ച പുലർച്ചെ 3:30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. യുദ്ധത്തിന് മുന്‍പുവരെ ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോയിരുന്നത് ഈ പാതയിലൂടെയായിരുന്നു. ഒറ്റ രാത്രികൊണ്ട് ഇറാന്‍ മുഴുവൻ ഇല്ലാതാക്കാൻ സാധിക്കുമെന്നും ട്രംപ് വെല്ലുവിളിച്ചു.
ചൊവ്വാഴ്ച പുലർച്ചെയും സൗദി അറേബ്യക്ക് നേരെ ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ഇവ തടയുന്നതിനിടെ മിസൈലുകളുടെ അവശിഷ്ടങ്ങൾ ഊർജ്ജ കേന്ദ്രങ്ങൾക്ക് സമീപം പതിച്ചതായി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മൽക്കി പറഞ്ഞു. ഈ ആക്രമണങ്ങളെത്തുടർന്ന് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ (King Fahd Causeway) മണിക്കൂറുകളോളം അടച്ചിട്ടു. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ (5th Fleet) ആസ്ഥാനമായ ബഹ്‌റൈനിൽ നിന്നുള്ള ഏക റോഡ് മാർഗമാണ് 25 കിലോമീറ്റർ നീളമുള്ള ഈ പാലം