Image Credit: SEPAH News/AFP)
ഏപ്രില്‍ അഞ്ചിന് ഇറാനില്‍ യുഎസ് സൈന്യം നടത്തിയ റെസ്ക്യു ഓപ്പറേഷന്‍ യുറേനിയം കൊള്ളയ്ക്കുള്ള പരിശീലനമായിരുന്നുവെന്ന് ആരോപിച്ച് ഇറാന്‍. പൈലറ്റിനെ രക്ഷിക്കാനെന്ന വ്യാജേനെ എത്തിയ യുഎസ് സൈന്യത്തിന്‍റെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇറാന്‍റെ വിദേശ കാര്യ വക്താവായ ഇസ്മായി ബഖ്വായിയാണ് ഈ ആരോപണം ഉന്നയിച്ചത്. 'സമ്പുഷ്ടീകരിച്ച യുറേനിയം അത് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് നിന്നും കവര്‍ന്നെടുക്കുന്നതിനുള്ള വ്യാജ റെസ്ക്യു ഓപ്പറേഷനായിരുന്നു യുഎസിന്‍റേ'തെന്ന് ബഖ്വായി പറയുന്നു. അമേരിക്കന്‍ പൈലറ്റ് വീണുവെന്ന് പറഞ്ഞ സ്ഥലം കൊഹ്ഗിലുയേ–ബോയര്‍ അഹമ്മദ് പ്രവിശ്യയിലാണ്. എന്നാല്‍ അമേരിക്കന്‍ സൈന്യം ഇറങ്ങാന്‍ ശ്രമിച്ചത് സെന്‍ട്രല്‍ ഇറാനിലും. ഇങ്ങനെയാണോ റെസ്ക്യു ഓപ്പറേഷന്‍ നടത്തുക? നിരവധി ചോദ്യങ്ങള്‍ ശേഷിക്കുന്നുണ്ട്. അമേരിക്കയുടെ റെസ്ക്യു ഓപ്പറേഷന്‍ വന്‍ ദുരന്തമായിരുന്നു'വെന്നും ബഖ്വായി പറഞ്ഞു.
സമ്പുഷ്ടീകരിച്ച 450 കിലോയോളം യുറേനിയം ഇറാന്‍റെ പക്കലുണ്ടെന്നാണ് അമേരിക്കയുടെ വാദം. ഇത് ആണവായുധമുണ്ടാക്കാന്‍ പര്യാപ്തമാണെന്നും യുഎസ് പറയുന്നു. സമ്പുഷ്ടീകരിച്ച യുറേനിയം കണ്ടെടുക്കുന്നതിനും കൈവശപ്പെടുത്തുന്നതിനുമായി ഇറാനില്‍ കരയുദ്ധം നടത്താന്‍ ട്രംപ് പദ്ധതിയിടുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെല്ലാം സമ്പുഷ്ടീകരിച്ച യുറേനിയം പൂര്‍ണമായും ഇറാന്‍ കൈമാറണമെന്ന ആവശ്യമാണ് ട്രംപ് ഉന്നയിച്ചതും.
2025 ജൂണില്‍ ഇസ്രയേലും യുഎസും ഇറാനെ ആക്രമിക്കുന്നതിന് മുന്‍പ് ഇറാന്‍റെ പക്കല്‍ ഏകദേശം 400 കിലോയോളം സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നായിരുന്നു കണക്ക്. 200 കിലോ ഗ്രാം ഫിസില്‍ മെറ്റീരിയലും ഇറാന്‍റെ പക്കലുണ്ടെന്നും യുഎസ് അവകാശപ്പെട്ടിരുന്നു. ഇത്തരത്തില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഭൂഗര്‍ഭ കേന്ദ്രത്തില്‍ ഇറാന്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. ഇവ നശിപ്പിക്കുന്നതിനായാണ് ജൂണില്‍ ഫോര്‍ഡോ ആണവകേന്ദ്രത്തില്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് പ്രയോഗിച്ചതും. എന്നാല്‍ യുഎസ് ആക്രമണം ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് യുറേനിയം ശേഖരം മാറ്റിയിരുന്നുവെന്നും നിലവില്‍ ഇസ്ഫഹാനിലും നതാന്‍സിലുമാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് വാദം.
ഏപ്രില്‍ മൂന്നിനാണ് യുഎസിന്‍റെ F-15 E സ്ട്രൈക്ക് ഈഗ്ള്‍ എന്ന ഇരട്ട എഞ്ചിന്‍ യുദ്ധവിമാനം ഇറാന്‍ വെടിവച്ചിട്ടത്. തെക്കുപടിഞ്ഞാറന്‍ ഇറാനിലായിരുന്നു വിമാനം വീണത്. പൈലറ്റിനെ അദ്ഭുതകരമായി യുഎസ് രക്ഷപെടുത്തിയെങ്കിലും വെപണ്‍ സിസ്റ്റം ഓഫിസര്‍ ഇറാനില്‍ വീണു. രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ അതിസാഹസികമായി യുഎസ് സൈന്യം വെപണ്‍ ഓഫിസറെ രക്ഷിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇസ്ഫഹാനടുത്ത് നടത്തിയ ഈ രക്ഷാപ്രവര്‍ത്തിന് മാത്രം 500 മില്യണ്‍ ഡോളര്‍ യുഎസിന് ചെലവ് വന്നു. എ–10 തണ്ടര്‍ബോള്‍ട്ട് II ജെറ്റ്, MC-130 J കമാന്‍ഡോ പ്ലെയിനുകള്‍, ബ്ലാക് ഹോക്ക് ഹെലികോപ്ടറുകള്‍, MQ-9 റീപ്പര്‍ ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു യുഎസിന്റെ രക്ഷാപ്രവര്‍ത്തനം. ഇതില്‍ നിരവധി വിമാനങ്ങള്‍ യുഎസിന് നഷ്ടമാവുകയും ചെയ്തു. C-130 ഹെര്‍കുലീസ് വിമാനത്തിലും H-60 ഹെലികോപ്റ്ററിലുമാണ് എലീറ്റ് ട്രൂപ്പിനെ ഇറാന്‍റെ വ്യോമമേഖലയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റിരുന്ന സൈനികന്‍ നിലവില്‍ സുഖം പ്രാപിക്കുന്നുവെന്നാണ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയത്.