Image Credit: Reuters
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊർജ വിപണികളെ പ്രതിസന്ധിയിലാഴ്ത്തുന്നതിനിടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള അടിസ്ഥാന ക്രൂഡ് വിലയോടൊപ്പം ഈടാക്കുന്ന പ്രീമിയം തുക കുത്തനെ വര്‍ദ്ധിപ്പിച്ച് സൗദി അരാംകോ. നേരത്തെ ബാരലിന് 2.50 ഡോളറായിരുന്ന നിരക്ക് ഒറ്റയടിക്ക് 19.50 ഡോളറായാണ് ഉയര്‍ത്തിയത്. റെക്കോർഡ് പ്രീമിയം നിരക്കാണിത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടാൻ സാധ്യതയുള്ളതിനാലാണ് ഈ വർധനവ്.
രാജ്യാന്തര വിപണിയില്‍ ഇന്ന് സൗദി അരാംകോ ബ്രെന്റ്ക്രൂഡിന്റെ വില ബാരലിന് 108.49 ഡോളറാണ്. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ സൗദിയില്‍ നിന്ന് ബാരലിന് 2.50 ഡോളര്‍ പ്രീമിയം (അടിസ്ഥാന വിലയ്ക്ക് പുറമെ നല്‍കേണ്ടി വരുന്ന അധിക തുക) നല്‍കിയാണ് ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മെയ് മുതല്‍ ബാരലിന്റെ വിപണി വിലയ്ക്കു പുറമെ പ്രീമിയം തുക 19.50 ഡോളര്‍ അധികം നല്‍കണം. മെയ് മുതല്‍ നിലവില്‍ വരുന്ന നിരക്കാണ് സൗദി അരാംകോ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങളെ നിരക്ക് വര്‍ധനവ് സാരമായി ബാധിക്കും. എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് കോടികളുടെ അധികബാധ്യത വരുന്നതോടെ പെട്രോള്‍, ഡീസല്‍ വില ഉയരും. ഇതു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉള്‍പ്പെടെ രാജ്യത്തെ സാരമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍. ഇറാനെതിരെയുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ വില ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ മുന്നറിയിപ്പ്. ഓരോ മിസൈല്‍ ആക്രമണവും ആഗോള സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നതിന്റെ സൂചന കൂടിയാണ് പ്രീമിയം നിരക്കില്‍ ഏര്‍പ്പെടുത്തിയ വര്‍ധനവ്.
പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇതിനകം ആഗോള എണ്ണവില കുത്തനെ ഉയർത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില 50% ത്തിലധികം ഉയർന്നിട്ടുണ്ട്. ഇതിനെതുടര്‍ന്ന് യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഇന്ധന വിലയും ഉയർന്നു. നിലവിലുള്ള സംഘർഷം ആഗോള ഊർജ്ജ വിപണികളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് മാർച്ചിൽ അരാംകോയുടെ ചീഫ് എക്സിക്യൂട്ടീവ് അമിൻ എച്ച്. നാസർ മുന്നറിയിപ്പ് നൽകിയത്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.