bahrain-2

ബഹ്‌റൈനിലും കുവൈത്തിലും ഇറാന്റെ ആക്രമണം. ബഹ്‌റൈനിലെ സിത്ര മേഖലയിലെ ഒരു കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായി. തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. കുവൈത്തിലും ഇറാൻ ശക്തമായ ആക്രമണം നടത്തി. എണ്ണ സംഭരണ കേന്ദ്രങ്ങളെയും മിനിസ്ട്രി കോംപ്ലക്സിനെയും ലക്ഷ്യമിട്ടായിരുന്നു ഡ്രോൺ ആക്രമണങ്ങൾ.

 

വൈദ്യുതി, ജലവിതരണ ശൃംഖലകളെയും ആക്രമണം ബാധിച്ചു. രണ്ട് പ്രധാന പവർ സ്റ്റേഷനുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ മിനിസ്ട്രി കോംപ്ലക്സിന് കാര്യമായ നാശനഷ്ടമുണ്ടായി.

 

അതേസമയം, ഇറാന്‍ വെടിവച്ചിട്ട എഫ്-15ഇ യുദ്ധവിമാനത്തിലെ രണ്ടാമത്തെ ക്രൂ അംഗത്തെ രക്ഷപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പൈലറ്റ് സുരക്ഷിതനാണെന്നും ഡസണ്‍ കണക്കിന് സായുധ വിമാനങ്ങള്‍ അയച്ചാണ് കേണലിനെ രക്ഷപ്പെടുത്തിയതെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. പൈലറ്റിനെ സുരക്ഷിതമായി ഇറാന് പുറത്തെത്തിച്ചുവെന്നും അമേരിക്ക അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി ശത്രുരാജ്യത്തിന്റെ മേഖലകളില്‍ അമേരിക്ക നടത്തിയ ഏറ്റവും സങ്കീര്‍ണമായ തിരച്ചിലിനൊടുവിലാണ് പൈലറ്റിനെ രക്ഷപ്പെടുത്താനായതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അല്‍ ജസീറയോട് വെളിപ്പെടുത്തുന്നു.

 

ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ആയുധങ്ങള്‍ ഘടിപ്പിച്ച ഡസണ്‍ കണക്കിന് വിമാനങ്ങള്‍ അയച്ചാണ് കേണലിനെ കണ്ടെത്തിയതെന്നും ട്രംപ് പറയുന്നു. കഴി‍ഞ്ഞ വെള്ളിയാഴ്ചയാണ് പൈലറ്റും ആയുധ നിയന്ത്രണ ഓഫീസറുമടങ്ങുന്ന അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവച്ചിട്ടത്. ഓഫീസറെ രക്ഷപ്പെടുത്തിയെങ്കിലും പൈലറ്റിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അമേരിക്ക തന്നെ പൈലറ്റിനെ കണ്ടെത്തിയത്.

ENGLISH SUMMARY:

Iran has launched major attacks on Bahrain and Kuwait, triggering massive fires and damaging key infrastructure. Drone strikes targeted oil storage facilities and ministry complexes, causing significant destruction. Power and water supply networks were also affected, with partial damage reported at major power stations. Authorities in Bahrain confirmed that a major fire in the Sitra region has been brought under control. Meanwhile, the US announced the rescue of a pilot from a fighter jet shot down by Iran after a complex mission. The escalating conflict highlights growing tensions and security concerns across the Middle East.