AI IMage

AI Generated Image

തെക്കുപടിഞ്ഞാറൻ ഇറാനില്‍ യു.എസ് സൈനികന്‍ വിമാനത്തില്‍ നിന്നും പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയതായി റിപ്പോര്‍ട്ട്. പൈലറ്റിനെ ജീവനോടെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ഇറാനിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യുദ്ധവിമാനത്തിന് എന്തു പറ്റിയതെന്നതില്‍ വ്യക്തതയില്ല. ഇറാന്‍ വെടിവച്ചിട്ടെന്ന് അവകാശപ്പെടുന്ന യുദ്ധവിമാനങ്ങളിലെ പൈലറ്റാണോ എന്നതിന്‍റെ സൂചനയും പുറത്തുവന്നിട്ടില്ല.

ഗ്രാമീണവും മലനിരകൾ നിറഞ്ഞ കോഹ്‌കിലുയെ-ബോയർ അഹമ്മദ്' പ്രവിശ്യയിലാണ് പൈലറ്റ് പുറത്തേക്ക് ചാടിയത്. പൈലറ്റിനെ പിടികൂടി ജീവനോടെ പൊലീസിനോ സൈന്യത്തിനോ കൈമാറുന്നവര്‍ക്ക് പാരിതോഷികം ലഭിക്കുമെന്നാണ് അവതാരകന്‍ പറഞ്ഞത്. അതേസമയം, പൈലറ്റിനെ കണ്ടാല്‍ വെടിവച്ചിടണമെന്ന് ടിവിയില്‍ എഴുതി കാണിക്കുന്നുമുണ്ട്. ടെഹ്‌റാനിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ  തെക്ക്-പടിഞ്ഞാറാണ് ഈ മേഖല. 15500 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഇവിടം ഗ്രാമീണ മേഖലയും മലനിരകള്‍ നിറഞ്ഞതുമാണ്.

വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി പേരാണ് സംഭവസ്ഥലത്തേക്ക് എത്തുന്നത്. പൈലറ്റിനെ പിടികൂടാനായി തെക്കുപടിഞ്ഞാറൻ ഇറാനിലേക്ക് നിരവധി ആളുകൾ എത്തുന്നുണ്ട് എന്നാൽ പൈലറ്റിനോട് ആരും മോശമായി പെരുമാറരുതെന്ന് ഇറാനിയൻ സായുധ സേന പൊതുജനങ്ങളോട് ആവശ്യപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐആര്‍ഐബി എക്സില്‍ കുറിച്ചു. കോഹ്കിലോയെ, ബോയർ-അഹ്മദ് പ്രവിശ്യകൾക്ക് പുറമേ, സമീപ മേഖലകളായ ചഹർമഹൽ, ബക്തിയാരി പ്രവിശ്യകളിലും പൈലറ്റിനെ തിരയാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, യു.എസ് എഫ്–35 സ്റ്റെല്‍ത്ത് യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടു. മധ്യ ഇറാനില്‍ വച്ചാണ് വിമാനം വെടിവച്ചിട്ടതെന്നും പൈലറ്റ് ജീവനോടെ ശേഷിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും ഇറാന്‍റെ ഖതം അല്‍ അന്‍ബിയയുടെ പ്രസ്താവനയില്‍ പറഞ്ഞു.

ENGLISH SUMMARY:

US pilot parachutes Iran following an incident where a US military jet was reportedly shot down over southwestern Iran. Iranian authorities have announced a bounty for the live capture of the pilot, while also issuing warnings against mistreatment.