Image Credit: X@Rizvana_Raza
ഗള്‍ഫ് രാജ്യങ്ങളിലെ എട്ടു പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. വടക്കൻ നഗരമായ കരാജിലെ അടിസ്ഥാന സൗകര്യങ്ങൾ തകര്‍ത്ത യുഎസ്-ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ആക്രമിക്കുമെന്നാണ് ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കുന്നത്. ഗള്‍ഫിലെയും ജോര്‍ദാനിലെയും പ്രധാന പാലങ്ങള്‍ ഐ.ആര്‍.ജി.സുയുടെ ഹിറ്റ്–ലിസ്റ്റിലുണ്ടെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് കടൽപ്പാലം, യു.എ.ഇയിലെ അൽ മഖ്ത പാലവും ഷെയ്ഖ് ഖലീഫ പാലവും, സൗദി അറേബ്യയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദൗൺ പാലം എന്നിവയാണ് ഐ.ആര്‍.ജി.സി ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച ഇറാനിലെ ഏറ്റവും ഉയരം കൂടിയ B1 പാലത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പാലം ഭാഗികമായി തകര്‍ന്നിരുന്നു.
136 മീറ്റർ ഉയരമുള്ള നിർമ്മാണത്തിലിരുന്ന പാലത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെ പടിഞ്ഞാറൻ നഗരമായ കരാജുമായി ബന്ധിപ്പിക്കുകയാണ് പാലത്തിന്‍റെ ലക്ഷ്യം. ഇറാനെ ശിലായുഗത്തിലേക്ക് ബോംബെറിഞ്ഞ് തിരിച്ചയക്കും എന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 95 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഗൾഫ് രാജ്യങ്ങളില്‍ ഇറാനില്‍ നിന്നും ആക്രമണം തുടരുകയാണ്. കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്‍റും എണ്ണ ശുദ്ധീകരണശാലയും ഇറാൻ ആക്രമിച്ചു. യുഎഇയിലെ ഗ്യാസ് പ്ലാന്റും വെള്ളിയാഴ്ച രാവിലെ ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന യുഎസ് ഭീഷണി തുടർന്നാൽ പ്രാദേശിക ഊർജോല്‍പാദനകേന്ദ്രങ്ങളെയും യു.എസ് ഓഹരി ഉടമകളുള്ള കമ്പനികളെയും ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.