ഇറാന്‍ ആക്രമണത്തില്‍ കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. യുഎസിന്റെ രണ്ടാമത്തെ എഫ് 35 യുദ്ധവിമാനവും വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ഇറാനിലെ പ്രധാനപാലങ്ങളിലൊന്ന് യുഎസ് തകര്‍ത്തു.
കുവൈത്തിലും സൗദിയിലും എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഇന്നും ഇറാന്‍ ആക്രമണം തുടര്‍ന്നു. കുവൈത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ മിന അല്‍ അഹമ്മദിക്കാണ് തീപിടിച്ചത് . തീയണയ്ക്കാന്‍ ശ്രമം തുടരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7 തവണ ആക്രമണ ശ്രമമുണ്ടായെന്നും, എല്ലാം പ്രതിരോധിച്ചെന്നും സൗദിയും സ്ഥിരീകരിച്ചു. യുഎസിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടതായി റവന്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. ചിത്രങ്ങളും പുറത്തുവിട്ടു. പൈലറ്റ് കൊല്ലപ്പെട്ടെന്നാണ് വിവരം. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. യുഎസ് ഇറാന്‍ സംയുക്ത ആക്രമണത്തില്‍ ടെഹ്റാനെയും കരാജിനെയും ബന്ധിപ്പിക്കുന്ന ബി വണ്‍ പാലം തകര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ പാലങ്ങളിലൊന്നാണിത്. അടുത്തത് വൈദ്യുതി നിലയങ്ങളാണെന്നും യഥാര്‍ഥ ആക്രമണങ്ങള്‍ ഇറാന്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും ട്രംപ്് വീണ്ടും ഭീഷണി മുഴക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജവിതരണം പുനരാരംഭിക്കാന്‍ വഴികൾതേടുകയാണ് രാജ്യങ്ങൾ. വിഷയത്തില്‍ ബഹ്‌റൈൻ അവതരിപ്പിച്ച പ്രമേയം യു.എന്‍ രക്ഷാസമിതി ഇന്ന് വോട്ടിനിടും. അതേസമയം യുഎസില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ സുപ്രധാന അഴിച്ചുപണികള്‍ തുടരുകയാണ്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് നിന്ന് പാം ബോണ്ടിയെ മാറ്റിയതിന് പിന്നാലെ കൂടുതല്‍പേര്‍ പുറത്തേക്കെന്ന് സൂചനയുണ്ട്.