ജയിലിൽ കഴിയുന്ന നൊബേല്‍ സമ്മാന ജേതാവും ഇറാൻ മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് കുടുംബം. വിദഗ്ധ ചികിത്സയ്ക്കായി ടെഹ്‌റാനിലേക്ക് മാറ്റുന്നതിനെ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം എതിർക്കുകയാണെന്നും അവരുടെ ഫൗണ്ടേഷൻ അറിയിച്ചു.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കുഴഞ്ഞുവീണ നർഗീസ് മുഹമ്മദിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. എന്നാൽ അവർക്ക് വിദഗ്ധ ചികിത്സ നൽകുന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. ജയിലിൽ വച്ചുണ്ടായ മർദനത്തെത്തുടർന്ന് 50കാരിയായ നർഗീസിന്റെ ആരോഗ്യം നേരത്തെ ‌മോശമായിരുന്നു. 

അടിയന്തരമായി ആഞ്ചിയോഗ്രഫി ഉൾപ്പെടെയുള്ള ചികിത്സകൾ ആവശ്യമാണെന്ന് മെഡിക്കൽ സംഘം നിർദേശിച്ചിട്ടുണ്ട്. നർഗീസിന്റെ ജീവൻ ഇറാൻ അധികൃതരുടെ കൈകളിലാണെന്നും ഉടൻ ചികിത്സ ലഭ്യമാക്കണമെന്നും നോർവീജിയൻ നൊബേൽ കമ്മിറ്റി ആവശ്യപ്പെട്ടു. 'ജയിൽവാസത്തെ നേരിടാനുള്ള മാനസിക കരുത്ത് അവർക്കുണ്ട്. എന്നാൽ അവരുടെ ശരീരം അതിന് തയാറല്ല. അവർ മരിച്ചാൽ പോലും രഹസ്യാന്വേഷണ മന്ത്രാലയത്തിനു പ്രശ്നമില്ല' – നർഗീസ് മുഹമ്മദിയുടെ ഭർത്താവ് പ്രതികരിച്ചു. 2015ന് ശേഷം കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മക്കൾ നർഗീസ് മുഹമ്മദിയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 12ന് അറസ്റ്റിലാകുന്നതിന് മുമ്പ്, രാജ്യസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, സർക്കാരിനെതിരായ പ്രചാരണം തുടങ്ങിയ കുറ്റങ്ങൾക്കായി 13 വർഷവും ഒമ്പത് മാസവും നർഗീസ് മുഹമ്മദി തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 2024 അവസാനം മുതൽ അവർക്ക് പരോൾ അനുവദിച്ചിരുന്നു. നർഗീസ് മുഹമ്മദിയുടെ നിയമസംഘം പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസുമായി ബന്ധപ്പെട്ട് ഈ വിഷയം പിന്തുടരുന്നുണ്ടെന്ന് ഫൗണ്ടേഷൻ അറിയിച്ചു.

ENGLISH SUMMARY:

Narges Mohammadi's health is in critical condition, according to her family. The Iranian intelligence ministry is reportedly opposing her transfer to Tehran for specialized treatment, despite her hospitalization due to a heart condition and the medical team's urgent recommendations for advanced procedures.