Image credit:x/TheMilObserverr

ഇറാനിലെ മഷാദ് വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള വിമാനം തകര്‍ന്നു.  ഇറാനിലെ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കായി മരുന്നടക്കമുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി വരാന്‍ സജ്ജമാക്കിയ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മഹാന്‍ എയറിന്‍റെ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായതായി ഇറാന്‍ അധികൃതരാണ് സ്ഥിരീകരിച്ചത്. അതേസമയം,വിമാനത്തിന് നേരെ ആക്രമണം ഉണ്ടായതില്‍ യുഎസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. നാളെ (ഏപ്രില്‍1 ) ന്യൂഡല്‍ഹിയില്‍ എത്തിച്ചേരേണ്ട വിമാനമായിരുന്നു ഇത്.

മാര്‍ച്ച് 18ന് മരുന്നും ഭക്ഷണവും വസ്ത്രങ്ങളുമടക്കം അടിയന്തര അവശ്യ വസ്തുക്കള്‍ ഇന്ത്യ ഇറാനിലേക്ക് അയച്ചിരുന്നു. ഇറാനിയന്‍ റെഡ് ക്രസന്‍റ് സൊസൈറ്റി വഴിയായിരുന്നു മരുന്നുകളടക്കം എത്തിച്ചത്. ഇന്ത്യയുടെ സഹായത്തിന് ഇറാന്‍ എംബസി നന്ദി പറയുകയും ചെയ്തിരുന്നു. പശ്ചിമേഷ്യ, മധ്യേഷ്യ, തെക്കനേഷ്യ, തെക്കുകിഴക്കനേഷ്യ, കിഴക്കനേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഇറാനിലെ സ്വകാര്യവിമാനക്കമ്പനിയാണ് മഹാന്‍ എയര്‍. 

അതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ മധ്യസ്ഥത വഹിച്ചുവെന്ന പാക്കിസ്ഥാന്‍റെ അവകാശവാദം ഇറാന്‍ തള്ളി. പാക്കിസ്ഥാനെ മധ്യസ്ഥരാക്കി ഒരു ചര്‍ച്ചയും അമേരിക്കയുമായി നടത്തിയിട്ടില്ലെന്നും അമേരിക്കയുമായി നേരിട്ടും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുംബൈയിലെ ഇറാന്‍റെ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. മധ്യസ്ഥര്‍ വഴി യാതൊരുതരത്തിലും നടപ്പിലാക്കാനാവത്ത കാര്യങ്ങളാണ് യുഎസ് ആവശ്യപ്പെടുന്നതെന്നും വിഷയത്തില്‍ ഇറാന്‍റെ നിലപാട് വ്യക്തമാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നല്ലതാണ്. പക്ഷേ ആരാണ് യുദ്ധം തുടങ്ങിവച്ചതെന്ന് മറക്കരുതെന്നും കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ENGLISH SUMMARY:

A US air strike on Mashhad Airport in Iran has destroyed a Mahan Air aircraft scheduled to fly to New Delhi on April 1. The flight was designated to collect emergency medicines and relief supplies from India for war victims in Iran. This comes after India sent humanitarian aid via the Red Crescent earlier in March. Meanwhile, Iran rejected Pakistan's claims of mediating peace talks with the United States.