Israeli soldiers inspect the site of a damaged building following barrages of Iranian missiles, amid the U.S.-Israeli conflict with Iran, in Tel Aviv, Israel, March 22, 2026. REUTERS/Amir Cohen

ടെഹ്റാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ടെല്‍ അവീവില്‍ ബോംബ് വര്‍ഷിച്ച് ഇറാന്‍. സെന്‍ട്രല്‍ ടെല്‍ അവീവിലെ പാലം ഇറാന്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തു. പിന്നാലെ വലിയ ഉഗ്ര സ്ഫോടനമുണ്ടായതായി വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രയേലിന്‍റെ വ്യോമപ്രതിരോധം മറ്റൊരു മിസൈലിനെ ഇന്‍റര്‍സെപ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങളില്‍ ടെല്‍ അവീവില്‍ പലയിടത്ത് ഡ്രോണ്‍ ആക്രമണം നടക്കുന്നതായും കാണാം. 

Streaks of light illuminate the sky during an interception attempt amid the U.S.-Israeli conflict with Iran, as seen from Tel Aviv, Israel, March 23, 2026. REUTERS/Amir Cohen

വ്യോമാക്രമണങ്ങള്‍ പൂര്‍വാധികം വര്‍ധിച്ചുവെന്നാണ് യുദ്ധം 23–ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമാകുന്നത്. മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ 15 പേര്‍ക്കാണ് ടെല്‍ അവീവില്‍ മാത്രം പരുക്കേറ്റത്. ഇതോടെ അയലോന്‍ ഹൈവേയുടെ രണ്ട് ലൈനുകള്‍ അടച്ചിട്ടു. ഹബിമ ചത്വരത്തിന് സമീപമാണ് മിസൈല്‍ പതിക്കുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തത്. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നും ക്ലസ്റ്റര്‍ ബോംബുകള്‍ വീണതാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടുന്നതെന്ന് ഐഡിഎഫ് ആരോപിച്ചു. ജനവാസമേഖലകളിലുള്‍പ്പടെ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചുവെന്നും ഇത് യുദ്ധനിയമങ്ങള്‍ക്ക് എതിരാണെന്നും ഇസ്രയേല്‍ പറയുന്നു. 

അതിനിടെ ലബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ഹിസ്ബുല്ലയ്ക്കെതിരെ കരയുദ്ധം നടത്തുമെന്നും സൈനിക നടപടികള്‍ ആരംഭിച്ചതേയുള്ളൂവെന്നുമാണ് ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചത്. തെക്കന്‍ ലബനനിലെ വീടുകള്‍ ഇടിച്ചുകളയുമെന്നും പാലങ്ങള്‍ തകര്‍ക്കുമെന്നും അതിനായി സൈന്യത്തിന് അനുമതി നല്‍കിയെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ലിതാനി നദിക്ക് കുറുകെയുള്ള പാലം നശിപ്പിക്കുമെന്നും ലെബനനില്‍ നിന്ന് ഇസ്രയേലിനെതിരായുള്ള ആക്രമണങ്ങളെ പൂര്‍ണമായും തടയുമെന്നും കാറ്റ്സ് പ്രഖ്യാപിച്ചു. 

ഇസ്രയേലിന്‍റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സാധാരണക്കാര്‍ ദിവസവും ഉപയോഗിക്കുന്ന പാലമാണ് ലിതാനി നദിക്ക് കുറുകെയുള്ളതെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. പാലങ്ങളും റോഡുകളും ഇത്തരത്തില്‍ തകര്‍ത്താല്‍ ലെബനന്‍റെ മറ്റ് പ്രദേശങ്ങളില്‍ നിന്നും തെക്കന്‍ ലബനന്‍ ഒറ്റപ്പെട്ടുപോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം ആരംഭിച്ചശേഷം ഇതുവരെ ആയിരത്തിലേറെപ്പേരാണ് ലബനനില്‍ മാത്രം കൊല്ലപ്പെട്ടത്. 10 ലക്ഷത്തിലേറെപ്പേര്‍ക്ക് വീടും നാടും വിട്ട് പ്രാണരക്ഷാര്‍ഥം മറ്റിടങ്ങളിലേക്ക് ഓടിപ്പോകേണ്ടി വന്നു

ENGLISH SUMMARY:

In a massive retaliatory strike on Day 23 of the conflict, Iran targeted central Tel Aviv, destroying a key bridge and injuring at least 15 people. Israel's IDF reported the use of banned cluster bombs by Iran in residential areas. Meanwhile, Israel's Defense Minister Israel Katz announced intensified operations in South Lebanon, targeting bridges across the Litani River to isolate Hezbollah strongholds