ഹോര്‍മുസ് കടലിടുക്ക് നാളെ രാവിലെ അഞ്ചുമണിക്കകം തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് അതേ നാണയത്തിൽ ഇറാന്‍റെ മറുപടി; ഇസ്രയേലിലെയും ഗള്‍ഫിലെയും ഊർജകേന്ദ്രങ്ങളും ജലശുദ്ധീകരണശാലകളും തകര്‍ക്കുമെന്ന് ഇറാന്‍. നാലാഴ്ച നീണ്ട സംഘര്‍ഷം ഇനി എങ്ങോട്ടെന്ന് നിശ്ചയിക്കുന്ന നിര്‍ണായക മണിക്കൂറുകളാണിത്.
സംഘർഷത്തിന് അയവു വരുത്താൻ തയാറായേക്കുമെന്ന സൂചന നൽകി ഒരു ദിവസം തികയും മുൻപാണ് ട്രംപിന്റെ ഭീഷണിയും ടെഹ്റാനു നേരെ രാത്രി നടന്ന ആക്രമണങ്ങളും. യുഎസ് മറീനുകളും കപ്പലുകളും മേഖലയിലേക്ക് നീങ്ങുന്നു. അമേരിക്കയുടെ വമ്പന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് സൂയസ് കടലിടുക്ക് വഴി നീങ്ങുന്ന ദൃശ്യവും പുറത്തുവന്നു. ഹിസ്ബുല്ല ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ പാടുപെടുകയാണ്.
സമുദ്രജല ശുദ്ധീകരണ ശാലകൾ പ്രധാന ലക്ഷ്യമാകുമെന്ന ഇറാന്റെ മുന്നറിയിപ്പ് കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബഹ്റൈനിലും ഖത്തറിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ 100 ശതമാനവും, യുഎഇയിൽ 80 ശതമാനത്തിലേറെയും സൗദി അറേബ്യയിൽ 50 ശതമാനവും ലഭിക്കുന്നത് കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളിൽ നിന്നാണ്. എണ്ണ വിപണിയും കടുത്ത ചാഞ്ചാട്ടത്തിലാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ 22 രാജ്യങ്ങൾ ഒന്നിച്ചു നീങ്ങുമെന്ന നാറ്റോ സെക്രട്ടറി ജനറലിന്റെ പ്രഖ്യാപനവും നടപ്പായി കണ്ടില്ല. അതേസമയം, മധ്യപൂർവേഷ്യയിലെ പ്രതിസന്ധി 'വളരെ ഗുരുതര'മാണെന്ന് രാജ്യാന്തര ഊർജ ഏജൻസി (ഐഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ പറഞ്ഞു. വൈദ്യുത നിലയങ്ങൾ തകർത്താൽ പുനർനിർമിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു . ഇറാന്‍ അനുവദിക്കുന്നവര്‍ക്ക് കടലിടുക്കിലൂടെ പോകാമെന്നാണ് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ നിലപാട്. എന്തൊക്കെ സംഭവിക്കുമെന്നും ലോകം എങ്ങോട്ടു പോകുമെന്നും നിര്‍ണയിക്കുന്ന മണിക്കൂറുകളാണിത്.