രാജ്യാന്തര എണ്ണ വിതരണത്തിന്‍റെ പ്രധാനപാതയായ ഹോര്‍മുസ് കടലിടുക്കിലുള്ള തങ്ങളുടെ നിയന്ത്രണം സാമ്പത്തിക നേട്ടമാക്കാന്‍ ഇറാന്‍. ഹോര്‍മുസ് കടക്കുന്ന കപ്പലൊന്നിന് 2 മില്യണ്‍ യു.എസ് ഡോളര്‍ (18.8 കോടി രൂപ) ആണ് ഇറാന്‍ ഈടാക്കുന്നത്.  കപ്പലുകളില്‍ നിന്നും പണം പിരിച്ചു തുടങ്ങിയതായി ഇറാന്‍ പാര്‍ലമെന്‍റിന്‍റെ ദേശിയ സുരക്ഷ കമ്മിറ്റി അംഗം അലായുദ്ദീൻ ബോറൂജെർഡി വ്യക്തമാക്കി. 

ഹോര്‍മുസിലൂടെ പോകുന്ന ചില കപ്പലുകളില്‍ നിന്നും 2 മില്യണ്‍ ട്രാന്‍സിറ്റ് ഫീസ് വാങ്ങുന്നത് ഇറാന്‍റെ ശക്തിയാണ് കാണിക്കുന്നത്. കടലിടുക്കില്‍ പരമാധികാര ഭരണകൂടം വന്നതിന്‍റെ തെളിവാണിതെന്നും ബോറൂജെര്‍ഡി വ്യക്തമാക്കി. യുദ്ധത്തിന് ചെലവുകളുണ്ട്. അതിനാല്‍ കപ്പലുകള്‍ക്ക് ട്രാന്‍സിറ്റ് ഫീസ് ഈടാക്കണം. പണം വാങ്ങാന്‍ ഇറാന് അധികാരമുണ്ടെന്നും അലായുദ്ദീൻ ബോറൂജെർഡി ഔദ്യോഗിക മാധ്യമമായ ഇസ്‍ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങിനോട് പറഞ്ഞു. 

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്‍റെ ഊര്‍ജ നിലയങ്ങളിലേക്ക് ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ്  ബോറൂജെർഡിയുടെ വാക്കുകള്‍.  ഇസ്രയേലിന്‍റെ  ഊര്‍ജ കേന്ദ്രങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലാണെന്നും ഒരു ദിവസത്തിനുള്ളില്‍ ഇവ തകര്‍ക്കുമെന്നും ബോറൂജെർഡി ഇതിന് മറുപടി നല്‍കി. ഹോര്‍മുസ് ഇറാന്‍റെ ശത്രുക്കള്‍ക്കൊഴികെ എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയാണെന്നായിരുന്നു ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പ്രതികരിച്ചത്. തങ്ങളുടെ ഭൂമി നശിപ്പിക്കുന്നവര്‍ക്ക് വേണ്ടി ഹോര്‍മുസ് തുറന്നുനല്‍കില്ലെന്നും ശത്രുപക്ഷത്തില്ലാത്തവര്‍ക്കെല്ലാം ഹോര്‍മുസിലൂടെ പോകാമെന്നും ഇറാന്‍ വ്യക്തമാക്കി.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കാന്‍ സൈനിക നടപടിയിലേക്ക് യു.എസ് നീങ്ങുകയാണ്. 22 രാജ്യങ്ങള്‍ യു.എസിനൊപ്പം അണിനിരക്കും. നാറ്റോ സഖ്യരാജ്യങ്ങള്‍ക്കൊപ്പം യുഎഇ, ബഹ്റൈന്‍, ജപ്പാന്‍, ഓസ്ട്രേലിയ, കൊറിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളുമുണ്ടാകുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. യുഎസ് സൈനികനടപടി അനിവാര്യമെന്നും എന്ത്, എപ്പോള്‍ എങ്ങനെ ചെയ്യണമെന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Iran has asserted its control over the Strait of Hormuz by imposing a $2 million (₹18.8 Crore) transit fee on passing vessels, citing the costs of maintaining regional security. This move follows a 48-hour ultimatum from US President Donald Trump, who threatened to target Iranian energy sectors if the strait is not fully reopened.