ഒമാനിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും രണ്ട് പേർ മരിച്ചു. വാദി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട സ്വദേശി പൗരനും, കുറിയാത്തിൽ വൈദ്യുതാഘാതമേറ്റ ഏഷ്യൻ വംശജനുമാണ് മരിച്ചത്. സൗത്ത് അൽ ബാത്തിനയിലെ വാദി അൽ മആവലിൽ മൂന്ന് വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടതായും കാണാതായ ഒരാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.

മണിക്കൂറിൽ 155 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കാറ്റിൽ തീരദേശ മേഖലകളിൽ വൈദ്യുതി പോസ്റ്റുകൾ വ്യാപകമായി തകർന്നു വീണു. മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്– ബൗഷർ മലമ്പാത പൊലീസ് താൽക്കാലികമായി അടച്ചു. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുന്നുണ്ട്. തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

മഴക്കെടുതി നേരിടാൻ സിവിൽ ഡിഫൻസ് യൂണിറ്റുകളും ആംബുലൻസ് വിഭാഗവും രാജ്യത്തുടനീളം സജ്ജമായിട്ടുണ്ട്. ഒരു കാരണവശാലും വാദികൾ മുറിച്ചുകടക്കാനോ വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇറങ്ങാനോ പാടില്ലെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

Heavy rains and 155 kmph winds have claimed two lives in Oman. An Omani national died in a wadi while an Asian expatriate was electrocuted in Quryat. Massive flooding reported in Muscat’s Qurum area. Roads like Amerat-Bousher closed due to landslides and flooding. Civil Defense is on high alert as North Al Batinah and Al Dhahirah brace for more thunderstorms. Authorities urge residents to stay away from overflowing wadis.