Image Credit: AFP (Left), x

അമേരിക്കയുടെ F-35 വിമാനത്തിന് ഇറാന്‍റെ ആക്രമണത്തില്‍ സാരമായ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. തീ പിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തുവെന്നും  പൈലറ്റ് രക്ഷപെട്ടുവെന്നുമാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എഫ്–35ന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥീരീകരിച്ചിട്ടുണ്ട്. പൈലറ്റ് സുരക്ഷിതനാണെന്ന് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് സിഎന്‍എന്നിനോടും വെളിപ്പെടുത്തി. സംഭവത്തില്‍ യുഎസ് അന്വേഷണം പ്രഖ്യാപിച്ചു.

എഫ്–35 ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡും പുറത്തുവിട്ടു. മധ്യ ഇറാനില്‍ വച്ചാണ് വിമാനം ആക്രമിച്ചതെന്നും സാരമായ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2.50ഓടെയായിരുന്നു ആക്രമണമെന്നും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും 125 ലേറെ ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇറാന്‍ അറിയിച്ചു.

ലോകത്തിലേക്കും തന്നെ മികച്ച യുദ്ധവിമാനങ്ങളിലൊന്നായ എഫ്–35ന് നേരെ ഇതാദ്യമായാണ് ഇത്ര രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്. 100 മില്യണ്‍ ഡോളറിലേറെയാണ് വിമാനത്തിന്‍റെ മാത്രം വില. ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ അമേരിക്കയ്ക്ക് 16 യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ട്. 10 എണ്ണം ഡ്രോണ്‍ ആക്രമണത്തിലും ആറ് വിമാനങ്ങള്‍ അല്ലാതെയുള്ള ആക്രമണങ്ങളിലും അപകടങ്ങളിലുമാണ് തകര്‍ന്നത്. 

യുദ്ധത്തില്‍ അമേരിക്ക ഇതുവരെ ആക്രമണം കടുപ്പിച്ചിട്ടില്ലെന്നും ഇറാന്‍ അമേരിക്കയുടെ ശക്തി കാണാന്‍ പോകുന്നതേയുള്ളൂവെന്നുമായിരുന്നു യുഎസ് സെക്രട്ടറി ഓഫ് വാര്‍ പീറ്റ് ഹെഗ്സെതിന്‍റെ ഭീഷണി. യുദ്ധം അമേരിക്ക ജയിച്ചുവെന്നും അമേരിക്കന്‍ താല്‍പര്യങ്ങളെല്ലാം സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെതിരെ നടത്തിയ എപിക് ഫ്യുറി കൃത്യവും കാര്യക്ഷമവും ആയിരുന്നുവെന്നും യുഎസ് നിശ്ചയിച്ച ലക്ഷ്യങ്ങളെല്ലാം കണ്ടുവെന്നും പ്രസിഡന്‍റ് ട്രംപ് നേരിട്ട് നല്‍കിയ നിര്‍ദേശങ്ങളെല്ലാം ആദ്യ ദിവസം തന്നെ പാലിച്ചുവെന്നും അദ്ദേഹം പെന്‍റഗണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

യുദ്ധത്തില്‍ വിജയം അവകാശപ്പെടുന്നതിനിടെ ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധം യുഎസ് ട്രഷറി പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇറാന്‍റെ എണ്ണക്കപ്പലുകളിലായി 140 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് ഉള്ളത്. ഇത് രണ്ടാഴ്ചത്തേക്ക് രാജ്യാന്തര വിതരണത്തിനുള്ളതുണ്ടുണ്ടെന്നും നിലവിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇത് ഉപകരിക്കുമെന്നുമാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ക്രൂഡ് വില കുറയ്ക്കാമെന്നും അമേരിക്ക കരുതുന്നു. ഉപരോധം നിരുപാധികം നീക്കാനുള്ള തീരുമാനം അമേരിക്ക എത്രത്തോളം സമ്മര്‍ദത്തിലാണെന്ന് വെളിവാക്കുന്നതാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളറിലേറെയാണ് നിലവില്‍ വില. ഹോര്‍മുസില്‍ ഇറാന്‍ പിടിമുറുക്കിയതോടെയാണ് രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നത്.

 

 

ENGLISH SUMMARY:

A US F-35 Lightning II fighter jet was hit by an unidentified Iranian weapon over central Iran, leading to a mid-air fire and an emergency landing. While the pilot is safe, the US Central Command has launched an investigation. Iran's Revolutionary Guard (IRGC) released footage of the strike, claiming success against 125 US-Israeli drones. This comes as the US Treasury begins lifting oil sanctions on Iran to stabilize global crude prices in 2026.