riyadh-middle-east-war

ഈദുല്‍ ഫിത്‌ര്‍ ദിനത്തിലും ആക്രമണങ്ങള്‍ ഒഴിയാതെ പശ്ചിമേഷ്യ. സൗദിയിലും കുവൈത്തിലും ബഹ്റൈനിലും ഇറാന്‍ ആക്രമണമുണ്ടായി. റിയാദില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. ഇതോടെ ആറ് ഇന്ത്യക്കാരാണ് സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇറാഖില്‍ കുടുങ്ങിയ 15 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ മടങ്ങി.

കുവൈത്തിലെ മിന അല്‍ അഹമ്മദി റിഫൈനറിയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസവും റിഫൈനറിയില്‍ ആക്രമണം ഉണ്ടായിരുന്നു. സൗദിയിലെ കിഴക്കന്‍ മേഖലയില്‍ ഇറാന്‍റെ ഡ്രോണ്‍ ആക്രമണം ചെറുത്തതായി  അധികൃതര്‍ അറിയിച്ചു. ബഹ്റൈനില്‍ അഞ്ച് മിസൈലുകള്‍ വെടിവച്ചിട്ടു.

ഇസ്രയേലില്‍ ജറുസലേം ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഇറാന്‍ ആക്രമണം ഉണ്ടായി. ഹൈഫ  എണ്ണശുദ്ധീകരണ ശാലയില്‍ തീപിടത്തമുണ്ടായി. അതിനിടെ ടെഹ്റാനില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. ഊര്‍ജ സ്രോതസുകള്‍ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. അമേരിക്കയെ ഇസ്രയേല്‍ യുദ്ധത്തിലേക്ക് വലിച്ചിട്ടിട്ടില്ലെന്നും ട്രംപിനെ സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഇറാന്‍ റവല്യൂഷണറി സേന വക്താവ് അലി മുഹമ്മദ് നൈനി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

യു.എസ് കരയുദ്ധത്തിനില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യു.എസ് നിശ്ചയിച്ചതിലും മുന്നേ ലക്ഷ്യങ്ങള്‍ നേടി മുന്നേറുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസിലെ സുരക്ഷ യു.എസിന്റെ മാത്രം ആവശ്യമല്ലെന്നും കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം വഹിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹോര്‍മുസിലെ ആക്രമണങ്ങള്‍ നിര്‍ത്തിവയ്്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രസ്താവനയില്‍ ഇറാനോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Tragedy strikes on Eid as an Indian national is killed in a fresh Iranian attack on Riyadh, bringing the Indian death toll to six. Iran’s drone and missile strikes hit Kuwait’s Mina Al-Ahmadi refinery and targets in Saudi Arabia and Bahrain. Meanwhile, Israel targets Tehran, killing IRGC spokesperson Ali Mohammad Naeini. US President Donald Trump rules out ground war, emphasizing that securing the Strait of Hormuz is a global responsibility.