ഹൈഫയിലെ റിഫൈനറി (Image Credit: AFP)
ഇറാന്‍റെ എണ്ണ, വാതകപ്പാടങ്ങള്‍ ആക്രമിച്ചത് തനിച്ചാണെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്രയേലിലെ എണ്ണ സംസ്കാരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍റെ മിസൈല്‍ ആക്രമണം. ഹൈഫയിലെ പ്ലാന്‍റിലാണ് മിസൈല്‍ പതിച്ചത്. ഇസ്രയേലിലെ ഗാര്‍ഹിക ഇന്ധന വിതരണത്തിന്‍റെ 50 ശതമാനവും ഇവിടെ നിന്നാണ് നല്‍കിവരുന്നത്. ആക്രമണത്തില്‍ ആളപായമില്ലെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. Also Read: പറന്ന് വന്നിടിച്ച് ഇറാന്റെ 'അജ്ഞാത' ആയുധം; അമേരിക്കയുടെ എഫ്–35 വിമാനത്തിന് തീ പിടിച്ചു
ഇറാന്‍റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഹൈഫയിലെ റിഫൈനറിയില്‍ നിന്നുയരുന്ന പുക (Image Credit: Reuters)
ഹൈഫയിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങളില്‍ ഇനിയും ആക്രമണം നടത്തുമെന്നും സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയെന്നത് പോലെ ആക്രമണം തുടരുമെന്നും കൃത്യതയാര്‍ന്ന മിസൈലുകളാണ് ഹൈഫയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഹൈഫയില്‍ ഒരു മിസൈല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ 45 മിനിറ്റ് നേരം വൈദ്യുതി തടസമുണ്ടായെന്നും ഇത് പിന്നീട് പുനഃസ്ഥാപിച്ചുവെന്നും ഇസ്രയേല്‍ ഇലക്ട്രിക് കോര്‍ അറിയിച്ചു. കഴിഞ്ഞ ജൂണില്‍ ഹൈഫയിലെ റിഫൈനറിക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. റിഫൈനറിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടിയും വന്നിരുന്നു.
ഇന്നലെയാണ് ഇറാന്‍റെ ജീവനാഡിയായ സൗത്ത് പാര്‍സില്‍ ആക്രമണം ഉണ്ടായത്. ഇറാനിലെ ഗാര്‍ഹിക ഉപഭോഗത്തിന്‍റെ 70 ശതമാനവും സൗത്ത് പാര്‍സിലെ വാതകപ്പാടത്ത് നിന്നാണെന്നിരിക്കെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. പിന്നാലെ ഖത്തറിലെ റാസ് ലഫാന്‍ ഇറാന്‍ ആക്രമിച്ചു. നികത്താനാവാത്ത നാശനഷ്ടമാണ് റാസ് ലഫാനിലുണ്ടായതെന്ന് ഖത്തര്‍ വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ജെറുസലേമിലേക്ക് ഇറാന്‍ കനത്ത ആക്രമണം തുടരുകയാണ്. രണ്ട് മണിക്കൂറിനിടെ മൂന്ന് മിസൈലുകളാണ് ജെറുസലേം ലക്ഷ്യമിട്ടെത്തിയതെന്നും ഇതോടെ മധ്യ ഇസ്രയേലിലും ജെറുസലേമിലെങ്ങും അപായ സൈറണുകള്‍ മുഴങ്ങിയെന്നും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെറുസലേമില്‍ നിന്ന് ഉഗ്ര സ്ഫോടന ശബ്ദം ഉയര്‍ന്നതായി ബിബിസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈദ് ആഘോഷത്തിനായി കിഴക്കന്‍ ജെറുസലേമില്‍ ആളുകള്‍ കൂട്ടത്തോടെ ഇറങ്ങിയതിന് പിന്നാലെയാണ് സൈറണുകള്‍ മുഴങ്ങിയത്. പിന്നാലെ മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശങ്ങളുമെത്തിയെന്നും മണിക്കൂറളോളം ആശങ്ക നീണ്ടുനിന്നുവെന്നും ബിബിസിയുടെ ജെറുസലേമിലുള്ള റിപ്പോര്‍ട്ടര്‍ സെബാസ്റ്റ്യന്‍ ഉഷര്‍ വെളിപ്പെടുത്തി. നാലുതവണ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യവും സ്ഥിരീകരിച്ചു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തുവെന്നും മിസൈല്‍ ആക്രമണങ്ങള്‍ നടത്താന‍് ഇറാന് ശേഷിയില്ലെന്നും നെതന്യാഹു അവകാശപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ജെറുസലേമിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്.
Google Trending Topic: iran attacks israel