FILE PHOTO: An Indian liquefied petroleum gas (LPG) carrier, Shivalik, arrives at Mundra Port via the Strait of Hormuz, amid the U.S.-Israel conflict with Iran, in Gujarat, India, March 16, 2026. REUTERS/Amit Dave/File Photo
മധ്യപൂര്‍വ ദേശത്തെ സംഘര്‍ഷം മാറ്റമില്ലാതെ തുടരുന്നതിനിടെ ഒമാന്‍ കടലിടുക്കിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകളെ അയയ്ക്കാന്‍ ഇന്ത്യ. ഹോര്‍മുസ് കടന്ന് വരുന്ന എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുന്നതിനായി ഏഴു യുദ്ധക്കപ്പലുകളാകും നിയോഗിക്കപ്പെടുകയെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇയിലെ ഫുജൈറ തുറമുഖത്ത് നിന്നും എത്തിയ എണ്ണക്കപ്പലിനെ ഒമാന്‍ കടലിടുക്ക് മുതല്‍ ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അകമ്പടി പോന്നിരുന്നു.
ഇസ്രയേല്‍–യുഎസ് സഖ്യം യുദ്ധമാരംഭിച്ചതിന് പിന്നാലെയാണ് ഹോര്‍മുസില്‍ കനത്ത പ്രതിരോധം ഇറാന്‍ ആരംഭിച്ചത്. ഇതോടെ ലോകരാജ്യങ്ങള്‍ വലഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ അനുസരിച്ച് 22 ഇന്ത്യന്‍ കപ്പലുകളാണ് ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നത്.
നിലവില്‍ ഇന്ത്യയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഒമാന്‍ കടലിടുക്കില്‍ ഉള്ളത്. കടലിടുക്കിന്‍റെ കിഴക്ക് ഭാഗത്തായി ഇവ നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് എല്‍പിജിയുമായെത്തിയ ശിവാലികും നന്ദാദേവിയും സുരക്ഷിതമായി ഇന്ത്യന്‍ തുറമുഖത്തെത്തിയത്. 92,712 മെട്രിക് ടണ്‍ എല്‍പിജിയാണ് ഇവ കൊണ്ടുവന്നത്.
ഓപ്പറേഷന്‍ സങ്കല്‍പിന്‍റെ ഭാഗമായി ഇന്ത്യ, ഒമാന്‍ കടലിടുക്കില്‍ നാവികസാന്നിധ്യം ശക്തമാക്കിയിരുന്നു. 2019 മുതല്‍ തന്നെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേവി സുരക്ഷയൊരുക്കുന്നുമുണ്ട്. അതേസമയം, യുദ്ധം ആരംഭിച്ച് ഇതുവരെ ഈ മേഖലയില്‍ ഏതുതരത്തിലാകും ഇടപെടുകയെന്നതില്‍ നേവി ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.