Streaks of light illuminate the sky during an interception attempt amid the U.S.-Israeli conflict with Iran, as seen from Tel Aviv, Israel March 15, 2026. REUTERS/Tyrone Siu TPX IMAGES OF THE DAY

ഇറാന്റെ മിസൈല്‍ ആക്രമണം വന്‍ നാശം വിതയ്ക്കുന്നതായി ഇസ്രയേല്‍ സൈന്യത്തിന്‍റെ റിപ്പോര്‍ട്ട്. തൊടുക്കുമ്പോള്‍ ഒരു മിസൈലാണെങ്കിലും ആകാശത്ത് വച്ച് ഇവ നൂറോളം ബോംബുകളായി മാറുകയാണെന്നും തുടര്‍ന്ന് പലയിടങ്ങളിലായി പതിക്കുന്നുവെന്നുമാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ടെല്‍ അവീവിലേക്കടക്കം ഇറാന്‍ തൊടുത്ത മിസൈലുകളില്‍ 50 ശതമാനവും ഇത്തരത്തിലുള്ളതായിരുന്നുവെന്നും ഐഡിഎഫ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പത്ത് കിലോമീറ്ററിനുള്ളില്‍ നാശമുണ്ടാക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

An Iranian missile with cluster munitions flies toward Israel, amid the U.S.-Israeli conflict with Iran, as seen from Tel Aviv, Israel, March 12, 2026. REUTERS/Dylan Martinez

അതേസമയം, സാധാരണ മിസൈലില്‍ ഉള്ളതിനെക്കാളും വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പക്ഷേ മിസൈല്‍ വീണാല്‍ ഗുരുതര നാശനഷ്ടമുണ്ടാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍റെ മിസൈലുകളെ ഇസ്രയേലിന്‍റെ വ്യോമപ്രതിരോധത്തിന് തടയാന്‍ കഴിയാത്തതും ഇതുകൊണ്ടാണെന്നും സൈന്യം വ്യക്തമാക്കുന്നു. വെള്ളിയാഴ്ച മാത്രം രണ്ട് മിസൈലുകളാണ് ടെല്‍ അവീവില്‍ വീണത്. ഇതാവട്ടെ ക്ലസ്റ്റര്‍ മ്യൂണിഷനുകളുമായിരുന്നു. ഇന്നലെ ഏഴിടങ്ങളിലാണ് ഇത്തരം പൊട്ടിത്തെറികളുണ്ടായതെന്ന് ഇസ്രയേല്‍ പൊലീസും സ്ഥിരീകരിക്കുന്നു.ഇറാന്‍റെ മിസൈല്‍ ആക്രമണങ്ങളില്‍ ഇതുവരെ 12 ഇസ്രയേല്‍ പൗരന്‍മാര്‍, അതില്‍ 11 സാധാരണക്കാരും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്.

ക്ലസ്റ്റര്‍ മ്യൂണിഷന്‍ നാശം വിതയ്ക്കുന്നതെങ്ങനെ?

തൊടുക്കുമ്പോള്‍ ഒന്നും പതിക്കുമ്പോള്‍ നൂറ് കണക്കിനുമായി ചിതറിത്തെറിച്ച് സ്ഫോടനം നടത്താന്‍ ശേഷിയുണ്ട് ഈ ബോംബുകള്‍ക്ക്. പരമ്പരാഗത ബോംബുകളില്‍ നിന്നും മിസൈലുകളില്‍ നിന്നും വ്യത്യസ്തമായി വിശാലമായി ചിതറിവീഴുകയാണ് ഇവ ചെയ്യുന്നത്. വീഴുന്ന സ്ഥലത്ത് നൂറ് മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ വരെ ഇവ ഇത്തരത്തില്‍ പതിക്കാം. ബാലിസ്റ്റിക് മിസൈലില്‍ നിന്നോ, വിമാനത്തില്‍ നിന്നോ ഇവ വിക്ഷേപിക്കാം. ഒരു നിശ്ചിത ഉയരത്തിലും മര്‍ദത്തിലുമെത്തിക്കഴിയുമ്പോള്‍ ഇത് തുറക്കുകയും ബോംബുകള്‍ ചിന്നിച്ചിതറുകയും ചെയ്യുന്നു. ബോംബുകള്‍ വീഴുന്നത് കാറ്റിന്‍റെ ദിശ അനുസരിച്ചും ഗുരുത്വബലമനുസരിച്ചുമാണ് എന്നതാണ് ഇതിനെ കൂടുതല്‍ വിനാശകാരിയാക്കുന്നത്. കൃത്യമായ ഒരു ലക്ഷ്യത്തിലേക്കല്ലാതെ ഒരു പ്രദേശത്തിലേക്കായി പതിക്കുന്നത് കൊണ്ട് ജനവാസ മേഖലയില്‍ വീണാല്‍ അപകടം രൂക്ഷമാകും.

2008ലെ കണ്‍വെന്‍ഷന്‍ ഓഫ് ക്ലസ്റ്റര്‍ മൂണിഷനില്‍ 120 രാജ്യങ്ങള്‍ ഇവയുടെ ഉപയോഗത്തിനെതിരായ പ്രമേയത്തില്‍ ഒപ്പിട്ടു.  ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ഇസ്രയേല്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ തൊടുത്ത മിസൈലുകളില്‍ 20 നും 24നും ഇടയില്‍ ബോംബുകളുണ്ടായിരുന്നുവെന്നും ഓരോന്നിലും കിലോക്കണക്കിന് സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. ഇസ്രയേലിലെ ജനവാസമേഖലകളിലാണ് അധികം വീണത്.

ഇസ്രയേലിന് ശക്തമായ വ്യോമപ്രതിരോധ സംവിധാനമുണ്ടായിരുന്നുവെങ്കിലും അവ പരമ്പരാഗത മിസൈലുകളെ പ്രതിരോധിക്കാന്‍ രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഇറാന്‍റെ അത്യാധുനിക മിസൈലുകള്‍ക്ക് മുന്നില്‍ അയണ്‍ ഡോമും ആരോയും ഫലപ്രദമാകുന്നില്ലെന്നതാണ് വാസ്തവം. ഒപ്പം ക്ലസ്റ്റര്‍ മ്യൂണിഷന്‍ കൂടിയാകുമ്പോള്‍ ലക്ഷ്യം പിഴയ്ക്കുകയും ചെയ്യുന്നു. പോര്‍മുന തുറക്കുന്നതിന് മുന്‍പ് മിസൈല്‍ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നാശനഷ്ടം ഒഴിവാക്കാന്‍ സാധിക്കുന്നുള്ളൂവെന്നാണ് ഐഡിഎഫ് പറയുന്നത്. പോര്‍മുന തുറന്ന് പോയാല്‍ ബോംബുകള്‍ ചിതറിത്തെറിക്കുമെന്നും ഇവ ഓരോന്നായാണ് ഭൂമിയിലേക്ക് പതിക്കുകയെന്നും അവയെ തടയാന്‍ ഡസന്‍കണക്കിന് ഇന്‍റര്‍സെപ്റ്റര്‍ മിസൈലുകള്‍ വേണ്ടിവരുമെന്നും അത് നിലവില്‍ ഇല്ലെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. 

ENGLISH SUMMARY:

On March 15, 2026, the IDF reported that Iran is using advanced cluster munitions in its missile strikes, causing widespread destruction. These missiles split into hundreds of smaller bombs mid-air, making it nearly impossible for the Iron Dome and Arrow systems to intercept them. Recent attacks on Tel Aviv killed 12 people, including 11 civilians. Despite international conventions against cluster bombs, nations like Iran, Israel, and the US have not signed the treaty. Israel admits that unless the missile is destroyed before the warhead opens, intercepting the scattered bomblets is currently impossible.