ഹോര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പല്‍. ഫയല്‍ ചിത്രം.

ചൈനീസ് യുവാനില്‍ ഇടപാട് നടത്തുന്ന ഓയില്‍ ടാങ്കറുകളെ ഹോര്‍മുസിലൂടെ കടത്തിവിടാന്‍ ഇറാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസിലൂടെ കപ്പലുകളെ സഞ്ചാരം നിയന്ത്രിക്കുന്നതിന് പുതിയ പദ്ധതികള്‍ ഇറാന്‍ ആവിഷ്കരിക്കുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപരോധം നേരിടുന്ന റഷ്യന്‍ എണ്ണയൊഴികെ മറ്റെല്ലാ എണ്ണ ഇടപാടുകളും ഡോളറിലാണ്. കാലങ്ങളായി രാജ്യാന്തര എണ്ണ ഇടപാടുകള്‍ യുവാനിലേക്ക് മാറ്റാന്‍ ചൈന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ക്രൂഡ് ഓയിൽ വാങ്ങാന്‍ യുവാന്‍ സ്വീകരിക്കാൻ സൗദിയെ അടക്കം ചൈന ബന്ധപ്പെട്ടിരുന്നു.  

എന്തുവിലകൊടുത്തും ഹോര്‍മുസ് തുറയ്ക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാന്‍ തീരത്ത് ബോട്ടുകളും കപ്പലുകളും ലക്ഷ്യമാക്കി ഇനിയും യു.എസ് ആക്രമണം നടത്തുമെന്നും എങ്ങനെയും ഹോര്‍മുസ് തുറയ്ക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് സുരക്ഷിതമക്കാന്‍ ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണകൊറിയ, യു.കെ എന്നി രാജ്യങ്ങളോട് മേഖലയില്‍ സൈന്യത്തെ വിന്യസിക്കാനും ട്രംപ് ആവശ്യപ്പെട്ടു. ഇറാന്‍റെ സൈനിക ശേഷി 100 ശതമാനം തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. 

ശത്രു രാജ്യങ്ങള്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും മാത്രമാണ് ഹോര്‍മുസ് അടച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചി പറഞ്ഞു. ഇറാന്‍റെ ഊര്‍ജ നിലയങ്ങള്‍ ലക്ഷ്യമിട്ടാല്‍ തിരിച്ചടിക്കുമെന്നും ഗള്‍ഫിലെ യു.എസ് കമ്പനികളെയും യു.എസിന് പങ്കാളിത്തമുള്ള കേന്ദ്രങ്ങളും ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‌ഹോര്‍മുസിലൂടെയുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെ രാജ്യാന്തര എണ്ണ വില 100 ഡോളറിന് മുകളില്‍ തുടരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 103.1 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. യുദ്ധം ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോള്‍ 40 ശതമാനം വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഫെബ്രുവരി 27 ന് ബാരലിന് 73 ഡോളറായിരുന്ന എണ്ണ വില നിലവില്‍ 103 ഡോളറിലാണ്. 30 ഡോളറാണ് ഇതിനിടെ ഉയര്‍ന്നത്. 

ENGLISH SUMMARY:

Iran is considering allowing oil tankers trading in Chinese yuan to pass through the Strait of Hormuz. This potential shift could impact global oil prices and trade dynamics as Iran explores alternatives to dollar-based transactions.