എല്‍പിജി പ്രതിസന്ധിക്കിടെ ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യന്‍ ടാങ്കറുകളുടെയും ലക്ഷ്യസ്ഥാനം അമേരിക്കയെന്ന് കോണ്‍ഗ്രസ്. നന്ദ ദേവി, ശിവാലിക് എന്നി കപ്പലുകളുടെ മറൈന്‍ ടാഫ്രിക്ക് ഡാറ്റയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് ആരോപണം. രണ്ട് കപ്പലുകള്‍ കൊണ്ട് ഇന്ത്യയ്ക്ക് ഗുണമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു.
ഖത്തറിലെ വ്യാവസായിക മേഖലയായ റാസ് ലഫാനില്‍ നിന്നാണ് രണ്ട് കപ്പലുകളും യാത്ര ആരംഭിച്ചത്. ഇവയുടെ ലക്ഷ്യസ്ഥാനമായി മറൈന്‍ ട്രാഫിക്ക് വെബ്സൈറ്റുകളില്‍ കാണിക്കുന്നത് യു.എസിലെ ജാക്സനാണ് എന്നാണ് പവന്‍ ഖേരയുടെ കുറിപ്പിലുള്ളത്. ഈ കപ്പലുകള്‍ ഹോര്‍മുസ് കടന്നതുകൊണ്ട് ഇന്ത്യയ്ക്കോ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കോ ഗുണമില്ലെന്നും പവന്‍ ഖേര ആരോപിച്ചു. യഥാര്‍ഥ ഫലം കാണിക്കാനില്ലാത്ത പരാജയപ്പെട്ട സര്‍ക്കാര്‍ ഇതിനെയും വിജയമായി കാണികയാണെന്നും അദ്ദേഹത്തിന്‍റെ കുറിപ്പിലുണ്ട്. നിലവില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
54,000 ടണ്‍ ശേഷിയുള്ള കപ്പല്‍ മാര്‍ച്ച് ഏഴിനാണ് റാസ് ലഫാനില്‍ നിന്നും പുറപ്പെട്ടത്. കപ്പൽ യാത്ര പുറപ്പെടുമ്പോൾ നൽകിയിരുന്ന ലക്ഷ്യസ്ഥാനമാണ് യു.എസ്. കപ്പല്‍ രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്നും മുംബൈയിലോ കാണ്ട്‍ല തുറമുറഖത്തോ എന്നുമെന്നാണ് വിവരം. ഇന്ത്യന്‍ പതാകയേന്തിയ ശിവാലിക് നിലവില്‍ ഹോര്‍മുസ് കടലിടുക്ക് കടന്നിട്ടുണ്ടെന്നാണ് marinetraffic.com ല്‍ നിന്നും ലഭിക്കുന്ന വിവരം.
ഇന്ത്യന്‍ പതാക വഹിക്കുന്ന മറ്റൊരു എല്‍പിജി ടാങ്കറായ നന്ദാ ദേവി ഇതുവരെ ഹോര്‍മുസ് കടലിടുക്ക് കടന്നിട്ടില്ലെന്നാണ് വിവരം. നിലവില്‍ പേർഷ്യൻ ഗൾഫിൽ വെള്ളിയാഴ്ച രാത്രി റിപ്പോർട്ട് ചെയ്ത സ്ഥാനത്താണ് കപ്പലിന്‍റെ നിലവിലെ ഡാറ്റ കാണിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് രണ്ടു കപ്പലിന്‍റെയും ഉടമസ്ഥര്‍. 2008 ല്‍ നിര്‍മിച്ച ശിവാലികിന്‍റെ അഞ്ചാമത്തെ ഉടമയാണ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.