Image Credfit: AFP/ Reuters

Image Credfit: AFP/ Reuters

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മുജ്തബ കൊല്ലപ്പെട്ടുവെന്നും, കോമയിലാണെന്നും അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെ മുജ്തബയുടെ സന്ദേശം ഇറാന്‍ ടിവി ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്‍റെ പ്രതികരണം. ' മുജ്തബ ജീവനോടെയുണ്ട്. പരുക്കേറ്റിട്ടുണ്ട്. ഏതോ പരുവത്തില്‍ ജീവനോടെയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്' എന്നാണ് 'ദ് ബ്രിയന്‍ കില്‍മേഡ് ഷോ'യില്‍ ട്രംപ് പ്രതികരിച്ചത്.

മുജ്തബ ഖമനയിയെ ഇറാന്‍റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തതിലും ട്രംപ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സമാധാനത്തോടെ മുജ്തബയ്ക്ക് ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ആയത്തുല്ല ഖമനയിയെക്കാളും കടുപ്പക്കാരനാണ് മുജ്തബയെന്നാണ് പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന്‍റെ വിശ്വസ്തനും. 'പ്രതികാരത്തിന്‍റെ പട്ടിക' താന്‍ കയ്യില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഒന്നൊഴിയാതെ എല്ലാം തീര്‍ക്കുമെന്നും മുജ്തബ ഇന്നലെ നല്‍കിയ സന്ദേശത്തിലുണ്ടായിരുന്നു.

ഫെബ്രുവരി 28ന് നടന്ന വ്യോമാക്രമണത്തില്‍ കൈകാലുകള്‍ക്കും കൈപ്പത്തിക്കും പരുക്കേറ്റ മുജ്തബ ചികില്‍സയിലാണെന്നും അതാണ് പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടാത്തതെന്നുമായിരുന്നു സൈപ്രസിലെ ഇറാന്‍ പ്രതിനിധി ഇന്നലെ വെളിപ്പെടുത്തിയത്.

അതേസമയം ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുന്നതില്‍ ട്രംപ് കടുത്ത അസ്വസ്ഥതയും പ്രകടിപ്പിച്ചു. കുറച്ചൊക്കെ ധൈര്യം നാവികര്‍ക്ക് വേണമെന്നും ചരക്കുമായി ഹോര്‍മുസ് കടന്ന് പോരുകയാണ് വേണ്ടതെന്നുമാണ് ട്രംപ് പറയുന്നത്. 'ഹോര്‍മുസിലൂടെ തന്നെ പോരണം. അതിന് കുറച്ചധികം ധൈര്യം വേണം. പേടിക്കാനൊന്നുമില്ല. അവര്‍ക്ക് നേവിയൊന്നുമില്ല. അവരുടെ എല്ലാ കപ്പലും ഞങ്ങള്‍ തകര്‍ത്തിട്ടുണ്ട്' –ട്രംപ് പറയുന്നു. 

ഫെബ്രുവരി 28നാണ് ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞ് യുഎസ്–ഇസ്രയേല്‍ സഖ്യം ഇറാനെ ആക്രമിച്ചത്. കനത്ത വ്യോമാക്രമമത്തില്‍ ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയും കുടുംബാംഗങ്ങളില്‍ ചിലരും ഉന്നത സൈനിക നേതാക്കളും കൊല്ലപ്പെട്ടു. പിന്നാലെ ഇറാന്‍ ഇസ്രയേലിലും മധ്യപൂര്‍വദേശത്തെ യുഎസ് സൈനികത്താവളങ്ങളിലുമായി ആക്രമണം നടത്തുകയായിരുന്നു. പതിനാലാം ദിവസവും യുദ്ധം അയവില്ലാതെ തുടരുകയാണ്.

ENGLISH SUMMARY:

US President Donald Trump confirmed that Iran's new Supreme Leader Mojtaba Khamenei is alive but likely injured following the February 28 airstrikes. Speaking on 'The Brian Kilmeade Show,' Trump reacted to Mojtaba's defiant message and reiterated his threats against the new Iranian leadership. Trump also expressed frustration over the shipping delays in the Strait of Hormuz, urging mariners to show "courage" and navigate through the waterway, claiming Iran's navy is decimated. The war, triggered by US-Israel strikes on Iran's nuclear facilities, enters its 14th day with no signs of de-escalation