AI Generated Image
വെനസ്വേലയില്‍ അതിക്രമിച്ചു കയറി മഡുറോയെ പിടികൂടി ഭരണമാറ്റം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയ മട്ടാണ് പശ്ചിമേഷ്യയില്‍. സ്വാധീനം വര്‍ധിപ്പിക്കാനും ഇറാനില്‍ ഭരണമാറ്റം നടത്താനും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ യുഎസ് കിതക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആയുധങ്ങളുടെ ലഭ്യതയില്‍ പോലും ആശങ്കയിലാണ് യുഎസ് പ്രതിരോധകേന്ദ്രമായ പെന്റഗണ്‍ എന്ന് ബോധ്യപ്പെടുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ഇറാനാകട്ടെ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ചുള്ള പ്രത്യാക്രമണങ്ങള്‍ നിര്‍ബാധം തുടരുകയാണ്.
2003ല്‍ അമേരിക്ക ഇറാഖില്‍ നടത്തിയ അധിനിവേശ വിജയത്തിന്‍റെ ആത്മവിശ്വാസത്തോടെയാണ് ട്രംപും കൂട്ടരും ഇയാന്‍റെ മണ്ണിലേക്കും ആക്രമണത്തിന് മുതിര്‍ന്നത്. അന്ന് 26 ദിവസങ്ങളുെട സൈനികനടപടിയിലൂടെ അവര്‍ സദ്ദാം ഹുസൈന്‍റെ സൈന്യത്തിനുമേലെ വിജയം നേടി. എന്നാല്‍ അന്ന് യുഎസ് നടത്തിയ നീക്കങ്ങളെ ഇങ്ങ് ഇറാനിലിരുന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും സൈനികശൈലി പഠിക്കുകയും തുടര്‍ന്ന് വ്യക്തമായ മിലിട്ടറി പ്ലാനിങ്ങുകള്‍ നടത്തുകയും ചെയ്തൊരു മേജറുണ്ട്. മേജര്‍ ജനറല്‍ മൊഹമ്മദ് അലി ജഫാരി. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്‍റെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ്.
കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തിലൂടെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും, ഐആര്‍ജിസി കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍, പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസിസ് നസീര്‍സാദേ, സായുധ സേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ സയിദ് അബ്ദുല്‍റാഹിം മൗസവി, ഉള്‍പ്പെടെ പ്രമുഖ വ്യക്തികളെല്ലാം കൊല്ലപ്പെട്ടു. എന്നിട്ടും ഇറാന്‍റെ പോര്‍മുനയ്ക്ക് മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, യുഎസിന് തിരിച്ചടി നല്‍കുന്ന വേഗവും ആക്കവും പതിന്‍മടങ്ങ് കൂടിയെന്നതാണ് വാസ്തവം. ഇവിടെയാണ് അലി ജഫാരിയുടെ പ്രസക്തി.
A security personnel stands guard as Iranians take part in a protest marking the annual al-Quds Day (Jerusalem Day) on the last Friday of the holy month of Ramadan in Tehran, Iran, March 13, 2026. REUTERS/Alaa Al Marjani
ഇറാന്‍റെ ‘മൊസൈക് തന്ത്രം’
ഇറാന്‍റെ സൈനികചരിത്രത്തിലെ തന്ത്രപ്രധാനമായ മാറ്റങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രമായിരുന്നു അലി ജാഫരി. 2007 മുതൽ 2019 വരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാന്റര്‍-ഇൻ-ചീഫ് ആയി പ്രവര്‍ത്തിച്ച ജാഫരി അമേരിക്കയെപ്പോലെയുള്ള വൻശക്തികളുമായി ഭാവിയില്‍ തങ്ങളും നേരിടേണ്ടിവരുമെന്ന് അന്നേ തിരിച്ചറിഞ്ഞു. പരമ്പരാഗത സൈനിക സംവിധാനമെല്ലാം തകര്‍ന്നേക്കുമെന്നും ജാഫരിക്ക് ബോധ്യമുണ്ടായിരുന്നു. മാത്രമല്ല വലിയ അപകടം സംഭവിച്ച് നേതൃത്വത്തെ രാജ്യത്തിന് നഷ്ടപ്പെട്ടാലും രാജ്യം തകരരുത് എന്ന തിരിച്ചറിവും ജാഫരിക്കുണ്ടായിരുന്നു. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ ജാഫരി ആവിഷ്ക്കരിച്ചതാണ് ‘മൊസൈക് ഡിഫൻസ്’ (Mosaic Defence Doctrine).
യുദ്ധതന്ത്രങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു ആധുനിക സങ്കൽപ്പമാണ് ‘മൊസൈക് ഡിഫന്‍സ്’. പരമ്പരാഗതമായ വലിയ സൈനിക സന്നാഹങ്ങൾക്ക് പകരം, ചെറുതും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതുമായ അനേകം ചെറിയ യൂണിറ്റുകളെ ഉപയോഗിച്ച് ശത്രുവിനെ പ്രതിരോധിക്കുന്ന രീതിയാണിത്. പല ചെറിയ കഷ്ണങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്നതുപോലെയാണ് ഒരു മൊസൈക് ചിത്രം കാണാനാവുക. വ്യത്യസ്തതരം സെന്‍സറുകളും ആയുധങ്ങളും ഡ്രോണുകളും ഏകോപിപ്പിച്ച് വലിയൊരു പ്രതിരോധ വലയം തീര്‍ക്കുന്നുവെന്നതാണ് ഈ പേരിനടിസ്ഥാനം.
A drone view shows the Dome of the Rock on Al-Aqsa compound, also known to Jews as the Temple Mount, where Muslim worshippers are not permitted to attend the last Friday prayers of the Muslim holy fasting month of Ramadan, and an empty Western Wall, Judaism's holiest prayer site, following restrictions on gathering in large groups, amid the U.S.-Israel conflict with Iran, in Jerusalem's Old City, March 13, 2026. REUTERS/Ilan Rosenberg TPX IMAGES OF THE DAY
അത്യാധുനിക സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് കര, കടല്‍, ആകാശം, ഇന്റര്‍നെറ്റ് മേഖലകളെ ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മൊസൈക് സിസ്റ്റത്തിൽ ചില ഭാഗങ്ങൾ തകർന്നാലും ബാക്കിയുള്ളവയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും ലക്ഷ്യം പൂർത്തിയാക്കാനും സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. അത്യാധുനികമായ ഒരു വലിയ ആയുധത്തിന് പകരം കുറഞ്ഞ ചിലവിലുള്ള അനേകം ചെറിയ ഡ്രോണുകളോ സെൻസറുകളോ ഉപയോഗിക്കുന്നത് വഴി സാമ്പത്തിക ലാഭവും സുരക്ഷയും വർദ്ധിപ്പിക്കുന്നു.
ശത്രുവിന് പെട്ടെന്ന് തകർക്കാൻ കഴിയാത്ത തരത്തിൽ സങ്കീർണ്ണവും ഫ്ലെക്സിബിള്‍ ആയതുമായ ഒരു പ്രതിരോധ നിര സൃഷ്ടിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. Decentralised Mosaic Defence എന്ന അധികാര വികേന്ദ്രീകരണ തത്വവും സമാന ലക്ഷ്യത്തോടെയുളളതാണ്. യുദ്ധങ്ങള്‍ക്കിടെ ടെഹ്റാനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാലും രാജ്യത്തെ ഓരോ പ്രവിശ്യയേയും പോരാടാന്‍ പ്രാപ്തമാക്കുക എന്നതാണ് ഈ തന്ത്രത്തിന്‍റെ പ്രസക്തി. അതായത് നേതൃത്വം ഇല്ലാതായാലും താഴെത്തട്ടിലുള്ള കമാന്‍ഡര്‍മാര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്ന് സാരം.
അതുപോലെ തന്നെ അസിമ്മട്രിക് വാര്‍ഫെയര്‍ (Asymmetric Warfare) സമ്പ്രദായത്തിനും ജാഫരി ഊന്നല്‍ നല്‍കി. ശത്രുവിന്‍റെ സാങ്കേതികവിദ്യയെ നേരിടാൻ ഗറില്ലാ യുദ്ധമുറകൾ, മിസൈൽ ആക്രമണങ്ങൾ, കടൽമാർഗമുള്ള മിന്നൽ ആക്രമണങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ സംഭാവനകളായിരുന്നു. ഇറാന്‍റെ ഭൂപ്രകൃതിയെ അനുകൂലമാക്കി ശത്രുവിനെ ഗ്രൂപുകളായി തിരിഞ്ഞും ശത്രുവില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു.ഒരു ഭാഗം തകര്‍ന്നാലും അടുത്ത ഭാഗം പ്രവര്‍ത്തിക്കുമെന്ന് ഇതേ തന്ത്രം മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.
ആരാണ് മൊഹമ്മദ് അലി ജാഫരി?
അമേരിക്കന്‍ സൈന്യത്തിന്‍റെ പരാജയങ്ങളെക്കുറിച്ച് രണ്ട് പതിറ്റാണ്ടോളം പഠിച്ചാണ് ഈ പ്രതിരോധ തന്ത്രം അലി ജഫാരി ആവിഷ്ക്കരിച്ചതെന്നാണ് അരാഗ്ച്ചി പറഞ്ഞത്. ഐ.ആർ.ജി.സി (IRGC) ഇന്റലിജൻസ് യൂണിറ്റിലൂടെയാണ് ജാഫരി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1979 മുതൽ 1989 വരെ നീണ്ടുനിന്ന ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് ഇറാന്‍ സൈന്യത്തിന്‍റെ നേതൃനിരയില്‍ ഈ സൈനികനുണ്ടായിരുന്നു. ക്രമേണ ഉയർന്ന പദവികളിലേക്ക് . 1992-ൽ ഐ.ആർ.ജി.സി ഗ്രൗണ്ട് ഫോഴ്സിന്‍റെ കമാന്‍ഡറായും തെഹ്‌റാൻ പ്രതിരോധത്തിനായുള്ള ‘സാറല്ല’ (Sarallah) യൂണിറ്റിന്റെ ചുമതലക്കാരനായും ജാഫരി നിയമിക്കപ്പെട്ടു. 2007-ൽ ഐ.ആർ.ജി.സിയുടെ കമാന്റർ-ഇൻ-ചീഫ് ആയി നിയമിതനായ അദ്ദേഹം, അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാനെ പ്രാപ്തമാക്കുന്ന മൊസൈക് പ്രതിരോധ തന്ത്രം നടപ്പിലാക്കുന്നതിനായി തന്‍റെ ഔദ്യോഗിക കാലാവധി മുഴുവനായി വിനിയോഗിച്ചു.