Workers inspect the damage at the Address Creek Harbour hotel after it was hit by a drone strike overnight in Dubai, United Arab Emirates, Thursday, March 12 (AP)
യുദ്ധം പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇസ്രയേലിലും ഗള്‍ഫ് രാജ്യങ്ങളിലും ആക്രമണം രൂക്ഷമാക്കി ഇറാന്‍. ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രയേലിലെ സര്‍സിര്‍ നഗരത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. 30 പേര്‍ക്ക് പരുക്കേറ്റതായാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെറുസലേമില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണ് സര്‍സിര്‍ നഗരം. ലെബനോന്‍ അതിര്‍ത്തിയോട് ചേര്‍ന്നുമാണ്. മിസൈല്‍ പതിച്ചതിന് പിന്നെ ഗ്ലാസ് ചീളുകള്‍ തുളച്ച് കയറിയാണ് മിക്കവര്‍ക്കും പരുക്കേറ്റിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍റെ സഹായത്തോടെ ഹിസ്ബുല്ലയാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്നാണ് സൂചന.
Image Credit: Reuters
അതിനിടെ മധ്യ ദുബായില്‍ വീണ്ടും സ്ഫോടനമുണ്ടായെന്ന് റിപ്പോര്‍ട്ട്. ഉഗ്ര സ്ഫോടനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയെന്നും വലിയ പുകപടലങ്ങള്‍ ഉയര്‍ന്നുവെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്നും ഇതിനെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ദുബായ് ഭരണകൂടം അറിയിച്ചു. എന്നാല്‍ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 10 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധിച്ചത്. യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയവയായിരുന്നു ഇതെന്നും അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം, ദുബായിലെ അല്‍ ബദായില്‍ ഒരു ഡ്രോണ്‍ ഇന്നലെ വീണു.
ബഹ്റൈനില്‍ ഇന്ന് പുലര്‍ച്ചെയും സൈറണുകള്‍ മുഴങ്ങി. പിന്നാലെ ബഹ്റൈന്‍ വിമാനത്താവളത്തിന് സമീപം തീപിടിത്തവും റിപ്പോര്‍ട്ട് ചെയ്തു. എണ്ണ ടാങ്കുകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നായിരുന്നു ഇതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആശങ്കപ്പെടേണ്ടതില്ലെന്നും ജനങ്ങള്‍ സുരക്ഷിതസ്ഥാനങ്ങളില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ ഇറാന്‍ തൊടുത്ത 16 ഡ്രോണുകള്‍ പ്രതിരോധിച്ചുവെന്ന് സൗദി അറേബ്യ അറിയിച്ചു. ആദ്യം ഒന്‍പത് ഡ്രോണുകള്‍ കൂട്ടത്തോടെ എത്തിയെന്നും പിന്നാലെ ഏഴെണ്ണം കൂടി വന്നുവെന്നും പ്രതിരോധമന്ത്രാലയം വക്താവ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ഷെയ്ബ എണ്ണപ്പാടം ലക്ഷ്യമിട്ട് ദിവസങ്ങളായി ആക്രമണം നടക്കുകയാണെന്നും ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ ലെബനനില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 15 പേരെ വധിച്ച ഇസ്രയേല്‍ നടപടിയെ ഖത്തര്‍ അപലപിച്ചു. തെക്കന്‍ ലെബനനിലെ ഗ്രാമത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമമത്തിലാണ് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത്. ആറുപേര്‍ മറ്റ് രണ്ട് നഗരങ്ങളിലായാണ് കൊല്ലപ്പെട്ടത്. മനുഷ്യാവകാശ ലംഘനമാണ് ഇസ്രയേല്‍ നടപടിയെന്നും അവസാനിപ്പിക്കണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.