ദുബായ് വിമാനത്താവളത്തിനു നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. രണ്ടു ഡ്രോണുകളാണ് വിമാനത്താവളത്തിന്‍റെ ഭാഗത്ത് പതിച്ചത്. സംഭവത്തില്‍ രണ്ട് ഘാന പൗരന്മാര്‍ക്കും ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശിക്കുമാണ് പരുക്കേറ്റത്. അതേസമയം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, ദുബായ് തീരത്ത്  വടക്കുപടിഞ്ഞാറായി 50 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായി. ജീവനക്കാര്‍ സുരക്ഷിതരാണ്. 

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി യു.എസ്- ഇസ്രയേല്‍ സംയുക്ത സേന ഇറാനില്‍ വലിയ ആക്രമണമാണ് നടത്തിയത്. ടെഹ്റാനിലും പുറമെ ഇസ്ഫഹാൻ, കരാജ് നഗരങ്ങളിലും ആക്രമണം നടത്തി. തിരിച്ചടിയായി ഇറാന്‍ സൗദി, ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. യുഎസിന്‍റെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തേക്ക് മിസൈല്‍ ആക്രമണം നടത്തിയതായും അടിസ്ഥാനസൗകര്യങ്ങള്‍ നശിപ്പിച്ചതായും ഐഎസ്എന്‍എ വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു.

സൗദി  റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ വര്‍ഷിച്ച ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ എട്ട് ഡ്രോണുകള്‍ തകര്‍ത്തു. ഖത്തറിലും ബാലിസ്റ്റിക് മിസൈല്‍ ആക്രമണ നീക്കം തകര്‍ത്തു. യുഎഇയിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. ടെല്‍ അവീവ്, വെസ്റ്റ് ജറുസലേം, ഹൈഫ എന്നിവിടങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി.  

ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനുകള്‍ സ്ഥാപിക്കുന്ന16 ഇറാനിയൻ കപ്പലുകൾ തകര്‍ത്തെന്ന് യുഎസ് സൈന്യം അറിയിച്ചു. കടലിടുക്കിൽ ഇറാൻ സ്ഥാപിക്കുന്ന മൈനുകൾ ഉടനടി നീക്കം ചെയ്യണമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്കുവഴി എണ്ണക്കപ്പലിന് അകമ്പടി പോയെന്ന യുഎസ് ഊര്‍ജസെക്രട്ടറിയുടെ അവകാശവാദം വൈറ്റ് ഹൗസ് തള്ളി. ഊര്‍ജസെക്രട്ടറി ക്രിസ് റൈറ്റ് എക്സില്‍ പോസ്റ്റ് ചെയ്തെങ്കിലും ഉടന്‍ പിന്‍വലിച്ചു. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ഫോണില്‍ സംസാരിച്ചു. ഈദിന് മുന്നോടിയായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം.

ENGLISH SUMMARY:

Dubai airport drone attack resulted in injuries to four individuals, including citizens from Ghana, India, and Bangladesh, following an attack by two drones. This incident highlights escalating tensions in the Middle East, with related reports of cargo ship attacks and retaliatory actions between Iran and US-backed forces.