FILE PHOTO: Major General Hossein Salami visits an underground missile site of Iran's Revolutionary Guards at an undisclosed location in the Gulf, in this picture obtained on January 8, 2021. IRGC / WANA (West Asia News Agency)/Handout via REUTERS ATTENTION EDITORS - THIS IMAGE HAS BEEN SUPPLIED BY A THIRD PARTY./File Photo

മധ്യപൂര്‍വദേശത്തെ യുദ്ധം  ഉടന്‍ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാക്കുകള്‍ തള്ളി ഇറാന്‍. 'ഈ യുദ്ധം തുടങ്ങിയത് അമേരിക്കയാണ്, പക്ഷേ അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഇറാന്‍റേതാണ്. ഇറാന്‍ സൈന്യത്തിന്‍റേതാണ്. അമേരിക്കന്‍ സൈനികര്‍ക്ക് ഒന്നും ചെയ്യാനില്ലെ'ന്നും ഇറാന്‍റെ റവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ മിസൈല്‍ ശേഖരവും സൈനിക ശക്തിയും തകര്‍ത്തുവെന്ന് ട്രംപ് പറഞ്ഞത് അസംബന്ധമാണെന്നും സുശക്തമാണ് ഇറാനെന്നും സൈനിക വക്താവ് വ്യക്തമാക്കി. മധ്യപൂര്‍വദേശത്തിന്‍റെ ഭാവിയും സമാധാനവും പൂര്‍ണമായും ഇറാന്‍ സൈന്യത്തിന്‍റെ പക്കലാണ്. അമേരിക്കയ്ക്ക് അതിലൊന്നും ചെയ്യാന്‍ കഴിയുകയില്ലെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ക്ക് മാത്രമായി സുരക്ഷയെന്ന് ധരിക്കേണ്ടെന്നും ഒന്നുകില്‍ എല്ലാവരും സുരക്ഷിതര്‍, അല്ലെങ്കില്‍ ആരും സുരക്ഷിതരല്ലെന്നും സൈന്യം പ്രസ്താവനയില്‍  പറയുന്നു. 

അമേരിക്കയുടെ 'എപിക് മിസ്റ്റേക്കി'ന് പത്ത് ദിവസമായെന്നും ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണെന്നും അമേരിക്കയുടെ ലക്ഷ്യമെന്തെന്ന്  വ്യക്തമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഈ യുദ്ധത്തിന് ഇറാന്‍ സുസജ്ജമാണെന്നും ഒരു പിഴവുമില്ലെന്നും സര്‍പ്രൈസുകള്‍ വരാനിരിക്കുന്നുവെന്നും അറഗ്ചി മുന്നറിയിപ്പ് നല്‍കി. 

അതിനിടെ ഇറാന്‍റെ ആക്രമണത്തില്‍ ബഹ്റൈനിലെ മനാമയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മനാമയിലെ ജനവാസ മേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

യുദ്ധം ഏറെക്കുറെ അവസാനിച്ചുവെന്നും ഇറാന്‍റെ സൈനികശേഷി പൂര്‍ണമായും നശിച്ചുവെന്നുമായിരുന്നു യുഎസ് പ്രസി‍‍ഡന്‍റ് ഡോണള്‍ഡ് ട്രംപ് ഫ്ലോറിഡയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇറാന് വ്യോമസേനയോ നേവിയോ നിലവില്‍ ഇല്ലെന്നും മിസൈല്‍ ശേഷി അമേരിക്ക തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ ഇനിയും ആക്രമണങ്ങള്‍ക്ക് തുനിഞ്ഞാല്‍ രാജ്യം പോലും ശേഷിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി.

ENGLISH SUMMARY:

On March 10, 2026, Iran's Revolutionary Guard officially rejected US President Donald Trump's claims of an imminent victory. Dismissing Trump's statement that Iran's military capabilities are destroyed, Tehran asserted that while the US started the war, Iran will decide its end. Foreign Minister Abbas Araghchi warned of upcoming 'surprises' and highlighted the global fuel price hike as a consequence of America's 'epic mistake.' Amidst this verbal war, an Iranian strike in Bahrain's Manama claimed the life of a woman, further escalating regional tensions.